കണ്ണൂരിലെ തിരുവേപ്പതി മിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അടിയന്തരമായി അനുവദിക്കണം: കെ. സുധാകരൻ
1376434
Thursday, December 7, 2023 1:51 AM IST
കണ്ണൂർ: കണ്ണൂരിലെ തിരുവേപ്പതി മിൽസ് എംപ്ലോയീസ് ജോയിന്റ് ആക്ഷൻ കമ്മിറ്റി ഉന്നയിക്കുന്ന കടുത്ത ആശങ്കകളിൽ തൊഴിൽ മന്ത്രിയുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് കെ. സുധാകരൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.1998 ൽ മിൽ അടച്ചുപൂട്ടുന്നതിന് മൂന്നുവർഷം മുമ്പ് വരെ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് ഇപിഎഫ് വിഹിതം പിടിച്ചിരുന്നുവെങ്കിലും മാനേജ്മെന്റ് അത് പ്രൊവിഡന്റ് ഫണ്ടിൽ അടച്ചിരുന്നില്ല. 1989ൽ തിരുവേപ്പതി മില്ലിനെ പീഡിതവ്യവസായമായി പ്രഖ്യാപിച്ചിരുന്നു. 2006ൽ 7.92 കോടിക്ക് തിരുവേപ്പതി മില്ലിനെ വില്പന നടത്തി.
2008 ആകുമ്പോഴേക്കും തൊഴിലാളികൾക്ക് 16,63,49,291 രൂപയുടെ ആനുകൂല്യങ്ങൾ നൽകേണ്ടിയിരുന്നെങ്കിൽ ഈ തുകയുടെ നാലിലൊന്നു മാത്രമേ തൊഴിലാളികൾക്ക് ലഭിച്ചിരുന്നുള്ളൂ.
2014 ൽ ഒഫിഷ്യൽ ലിക്വിഡേറ്റർ 44,34,291 രൂപ തൊഴിലാളികളുടെയും മനേജ്മെന്റും വിഹിതമായി പ്രൊവിഡന്റ് ഫണ്ടിൽ അടച്ചിരുന്നു. എന്നാൽ, ഇതിനു പുറമെ 1,49,25,709 രൂപ അടക്കണമെന്ന് അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഒഫീഷ്യൽ ലിക്വഡേറ്റർക്ക് നോട്ടീസ് നൽകുകയും ഹൈക്കോടതിയിൽ നിന്ന് ഏകപക്ഷീയമായ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. പിഴ, പലിശ, ഡാമേജസ് എന്നിവ ഉൾപ്പെടുത്തിയാണ് ഈ തുക അടയ്ക്കണമെന്ന് ഒഫീഷ്യൽ ലിക്വിഡേറ്ററോട് നിർദേശിച്ചിരിക്കുന്നത്. ഈ അധിക തുക ഒഴിവാക്കി തൊഴിലാളികളുടെ ആനുകൂല്യം അടിയന്തിരമായി അനുവദിക്കണമെന്നാണ് കെ. സുധാകരൻ എംപി ആവശ്യപ്പെട്ടത്.