പാപ്പിനിശേരി മേൽപ്പാലത്തിൽ ടാങ്കർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
1376428
Thursday, December 7, 2023 1:51 AM IST
പഴയങ്ങാടി: പഴയങ്ങാടി പാപ്പിനിശേരി കെഎസ്ടിപി മേൽപ്പാലത്തിൽ പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പിക്കപ്പ് വാൻ ഓടിച്ചിരുന്ന പാപ്പിനിശേരി ധർമക്കിണറിനു സമീപത്തെ സി. ബാലകൃഷ്ണന് (65) ആണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെയായിരുന്നു അപകടം. മലപ്പുറത്ത് നിന്ന് മംഗളുരുവിലേക്ക് പാചകവാതകം നിറയ്ക്കാൻ പോകുകയായിരുന്ന ടാങ്കറും പുതിയ തെരുവിലെ ഗ്യാസ് ഏജൻസിയുടെ പാചക വാതക സിലിണ്ടർ വിതരണം ചെയ്ത് തിരിച്ചു പോകുകയായിരുന്ന പിക്കപ്പ് വാനുമാണു കൂട്ടിയിടിച്ചത്.
പിക്കപ്പ് വാനിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാബിന്റെ അകത്തു കുടുങ്ങിയ ബാലകൃഷ്ണനെ ഏറെ പണിപ്പെട്ടാണു പുറത്തെടുത്ത് പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് പാപ്പിനിശേരി പഴയങ്ങാടി കെഎസ്ടിപി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ചെറുവാഹനങ്ങളെ അടിപ്പാത വഴി കടത്തിവിട്ടാണു ഗതാഗതക്കുരുക്കിന് താൽക്കാലിക ശമനമുണ്ടാക്കിയത്. വളപട്ടണം പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.