ആളേ കൂട്ടേണ്ടെന്ന് ആരും എവിടേം പറഞ്ഞിട്ടില്ല...
1376427
Thursday, December 7, 2023 1:51 AM IST
തലശേരി: ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടന വേദിയിൽ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞു കിടന്നതിനെതിരെയുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ഉദ്ഘാടകനായ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ.
മേള ജനകീയമാക്കാത്തത് കൊണ്ടാണ് കസേരകൾ ഒഴിഞ്ഞു പോയതെന്ന് ഷംസീർ പറഞ്ഞു. ഏതെങ്കിലും സ്കൂൾ മാനുവലിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പുറമേ പൊതുസമൂഹത്തിൽ പെട്ടവരെ ഇത്തരം മേളകളിൽ പങ്കെടുപ്പിക്കേണ്ടെന്ന് പറഞ്ഞതായി അറിവില്ല. വേണമെങ്കിൽ സ്പീക്കർ എന്ന നിലയിൽ നിയമസഭയിൽ ആവശ്യമായത് ചെയ്യാമെന്നും സ്പീക്കർ പറഞ്ഞു.
ഞാനൊരു ജനപ്രതിനിധിയാണെന്നും ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടേണ്ടത് ജനപ്രതിനിധികളുടെ ചുമതല ആയതുകൊണ്ടാണ് പരസ്യമായി ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ പ്രസംഗത്തിനിടെ താൻ ഇറങ്ങിപ്പോയെന്നു പറഞ്ഞത് കേവലം വിവാദം ഉണ്ടാക്കാൻ മാത്രം വേണ്ടിയാണ്. തന്റെ പ്രസംഗത്തിനിടെ ഒരുകൂട്ടം അധ്യാപകർ കൂട്ടം കൂടി നിന്ന് സംസാരിച്ചതിനെതിരെ താൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു ഇതാണ് ചില പത്രങ്ങൾ താൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി എന്ന രീതിയിൽ പ്രചരിപ്പിച്ചതെന്നും സ്പീക്കർ പറഞ്ഞു.