റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
1376270
Wednesday, December 6, 2023 10:42 PM IST
പഴയങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ നാഷണൽ പെർമിറ്റ് ലോറിയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. അതിയടം പാലോട്ട് കാവിന് സമീപത്തെ മഞ്ഞേരി ദാമോദരന്റെ ഭാര്യ ചേണിച്ചേരി ചെറുവരക്കീൽ ഭാർഗവി (76)ആണ് മരിച്ചത്.
പിലാത്തറ-പഴയങ്ങാടി കെഎസ്ടിപി റോഡിൽ രാമപുരം പാലത്തിന് സമീപമായിരുന്നു അപകടം. ലോറിക്കടിയിൽ പെട്ട ഭാർഗവി തത്ക്ഷണം മരിച്ചു. ഇന്നലെ ഉച്ചയക്ക് 12.30 ഓടെയായിരുന്നു അപകടം.
രാമപുരം മഹാവിഷ്ണു ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട അന്നദാനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭാർഗവിയെ കർണാടകയിലെ ബൽഗാമിൽ നിന്ന് പഞ്ചസാരയുമായി കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന ഭാർഗവിയെ പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് പുറത്തെടുത്തത്.
മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി സംസ്കാരം ഇന്നു രാവിലെ 11.30ന് അതിയടം പൊതുശ്മശാനത്തിൽ. മക്കൾ : റിന, ശ്രീജ , ഷിനി. മരുമക്കൾ: ബാബു ( അരവഞ്ചാൽ),സുധീർ (മാതമംഗലം). സഹോദരങ്ങൾ: രുഗ്മണി, പങ്കജം, പരേതനായ ലക്ഷ്മണൻ.