നൂപുരധ്വനികൾ ; കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലാമാമാങ്കത്തിന് തിരശീല ഉയർന്നു.
1376256
Wednesday, December 6, 2023 8:34 AM IST
തലശേി: ജില്ലയിലെ ഏറ്റവും വലിയ കൗമാരകലോത്സവത്തിനാണ് തലശേരി ആതിഥേയത്വം വഹിക്കുന്നത്. ആദ്യദിവസമായ ഇന്നലെ രചനാ മത്സരങ്ങളും കേരള നടനം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, വട്ടപ്പാട്ട് ,പൂരക്കളി എന്നിവ അരങ്ങേറി.
ഇന്ന് മോഹിനിയാട്ടം, സംഘനൃത്തം, സംഘഗാനം , സംഭാഷണം, പാഠകം, പദ്യം ചൊല്ലൽ, ഗാനാലാപനം പദ്യം, പ്രസംഗം, നാടോടി നൃത്തം, അക്ഷര ശ്ലോകം, ഖുർ ആൻ പാരായണം, നാടകം (അറബിക്), നാടൻ പാട്ട്, ദേശഭക്തി ഗാനം, കോൽക്കളി , ചെണ്ട തായമ്പക, ചെണ്ടമേളം, ഓടക്കുഴൽ, ഗിത്താർ, വീണ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങൾ നടക്കും.
നഗരത്തിലെ 17 വേദികളിലായി 8639 വിദ്യാർഥി പ്രതിഭകളാണ് മാറ്റുരക്കുന്നത്. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം തലശേരി ഗുണ്ടർട്ട് റോഡിലുള്ള സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും.
തലശേരി നോർത്ത് മുന്നിൽ
തലശേരി: കലോത്സവത്തിൽ ഇഞ്ചോടിച്ച് പോരാട്ടവുമായി സബ്ജില്ലകളും സ്കൂളുകളും. ആദ്യദിവസത്തെ മത്സരഫലങ്ങൾ വന്നപ്പോൾ 227 പോയിന്റുമായി തലശേരി നോർത്ത് മുന്നിലാണ്.
226 പോയിന്റ് വീതം നേടിയ കണ്ണൂർ നോർത്ത്, പാനൂർ സബ്ജില്ലകൾ രണ്ടാം സ്ഥാനത്തും 220 പോയിന്റുമായി ഇരിട്ടി മൂന്നാം സ്ഥാനത്തുമുണ്ട്. 218 പോയിന്റുമായി പയ്യന്നൂരാണ് നാലാ സ്ഥാനത്ത്.
സ്കൂൾ വിഭാഗത്തിൽ103 പോയിന്റ് നേടിയ മന്പറം എച്ച്എസ്എസാണ് മുന്നിൽ. 96 പോയിന്റുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ രണ്ടാം സ്ഥാനത്തും 89 പോയിന്റുനേടി പെരളശേരി എകെജി എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
മൈക്കിനെ ചൊല്ലി ‘തുള്ളൽ’
തലശേരി: ഓട്ടൻതുള്ളൽ എച്ച്എസ്എസ് വിഭാഗം മത്സരത്തിനിടെ മൈക്ക് സംബന്ധിച്ച് തർക്കം. ഒന്നാമതായി വേദിയിലെത്തിയ തോട്ടട ഗവ.എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനി ഗായത്രി തുള്ളൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു മൈക്ക് സംബന്ധിച്ച തർക്കം. വേദിയിലെ രണ്ട് മൈക്കുകളിൽ ഒന്ന് മാത്രമാണ് ഓണാക്കിയതെന്നും മറ്റൊന്നിന്റെ ശബ്ദം കുറച്ചുവച്ചുവെന്നുമാണ് ആദ്യം പരാതിയുയർന്നത്.

ഇക്കാര്യം കുട്ടിയുടെ രക്ഷിതാക്കൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പിൻപാട്ട് പാട്ടുന്നവരുടെയും മേളക്കാരുടെയും മൈക്കിന്റെ ശബ്ദം കൂട്ടി പരിപാടി അലങ്കോലമാക്കാൻ ആസൂത്രിതമായ നീക്കം നടത്തിയതായും ആരോപണമുണ്ട്. മത്സരാർഥിയുടെ രക്ഷിതാക്കളും സ്കൂളിലെ അധ്യപകരും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചത് വാക്ക് തർക്കത്തിനും ഇടയാക്കി. മൈക്ക് സജ്ജീകരിക്കുന്നതിൽ വീഴ്ച വരുത്തിയതായി കാണിച്ച് മത്സരാർഥി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. മത്സരത്തിൽ ഗായത്രിക്ക് എ ഗ്രേഡും മൂന്നാംസ്ഥാനവും ലഭിച്ചു. മത്സരഫലം സംബന്ധിച്ച് ഗായത്രി അപ്പീൽ നൽകി.
ബാലപാഠവുമായി അമ്മ; മിന്നും ജയവുമായിമകൻ
തലശേരി: ഓട്ടൻതുള്ളലിൽ അമ്മയുടെ പാതയിൽ മകന് മിന്നും വിജയം. ഹയർസെക്കൻഡറി വിഭാഗം ഓട്ടൻതുള്ളലിൽ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർഥി ജോയ്സ് ജോസ് ആണ് അമ്മയുടെ വഴിയേ സഞ്ചരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഓട്ടൻതുള്ളലിൽ ആദ്യമായാണ് ജോയ്സ് ജില്ലാതലത്തിൽ മത്സരിക്കുന്നത്. നൃത്താധ്യാപികയായ അമ്മ ജിജി ജോസാണ് ബാലപാഠം പകർന്നത്.

ജിജി ഹൈസ്കൂൾ വിദ്യാർഥിനിയായിരിക്കെ ഓട്ടൻതുള്ളലിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. ഇപ്പോഴും നൃത്തകലാ പരിശീലനത്തിൽ സജീവമാണ്. ജിജിയുടെ ശിഷ്യർ വ്യാഴാഴ്ച നടക്കുന്ന മാർഗംകളി മത്സരത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. ചെറുപ്പത്തിൽ തന്നെ അമ്മയിൽ നിന്ന് കലാതാത്പര്യം കൈമാറി കിട്ടിയ ജോയ്സിന് ചുരുങ്ങിയ മാസങ്ങൾ കൊണ്ട് കലാമണ്ഡലം മഹേന്ദ്രന്റെ ശിക്ഷണത്തിൽ തുള്ളൽകല അഭ്യസിക്കാൻ സാധിച്ചു.
കലോത്സവത്തിന് വേണ്ടി ഒരു മാസമെടുത്താണ് ഓട്ടൻതുള്ളൽ ജോയ്സ് പഠിച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്നു കുട്ടികളാണ് ഓട്ടൻതുള്ളൽ പങ്കെടുത്തത്. എടൂർ സ്വദേശി പരേതനായ കളമുണ്ടയിൽ ജോസൂട്ടിയാണ് പിതാവ്. സഹോദരങ്ങളായ ജ്യോതിസ്, ജോബിസ് എന്നിവരും കലോത്സവ വേദികളിൽ സജീവമാണ്.
സംഗീത സാന്ദ്രം ഊട്ടുപുര
തലശേരി: കലോത്സവത്തിന്റെ ഊട്ടുപുരയിൽ എത്തിയാൽ മനസും നിറയും. രാഘവൻ മാഷിന്റെ ഓർമകളിൽ ഊട്ടുപുരയുടെ പരിസരത്ത് ‘പാട്ടും പായസവും' എന്ന പേരിട്ട് കെപിഎസ്ടിഎ കൾച്ചറൽ ഫോറം സംഗീത വിരുന്നൊരുക്കിയാണ് ഭക്ഷണം കഴിക്കാൻ വരുന്നവരെ സ്വീകരിക്കുന്നത്. അധ്യാപകർക്ക് മാത്രമല്ല ഇവിടെ എത്തുന്ന എല്ലാവർക്കും രാഘവൻ മാഷിന്റെ പാട്ടുകൾ പാടാം. ആദ്യമായാണ് കലോത്സവ ഊട്ടുപുരയിൽ സംഗീത വിരുന്നൊരുക്കുന്നത്.
ലഹരിക്കെതിരേ കൃഷ്ണേന്ദു
തലശേരി: തലശേരി നഗരം കലോത്സവ ലഹരിയിലാണ്. എന്നാൽ ഈ തിരക്കിൽ നിന്നെല്ലാം മാറി സേക്രഡ് ഹാർട്ട് സ്കൂളിന്റെ ചുവരിൽ ഒരു കുട്ടി ചിത്രം വരയ്ക്കുന്നുണ്ട്. കലോത്സവത്തിന്റെ ഏതോ മത്സര ഇനം ആണെന്നാണ് ആദ്യം കരുതിയത്.

എന്നാൽ ലഹരിക്ക് അടിമപ്പെടാതെ കുട്ടികളെ നേർവഴിക്ക് നടത്തുന്ന പോലീസിന്റെയും കുട്ടിയുടെയും ചിത്രമാണ് ചുവരിൽ വരച്ചത്. ജില്ലാകലോത്സവത്തിന്റെ തിരക്കിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ അതുവഴി കടന്നുപോകുന്നവരെല്ലാം ഒരു നിമിഷം നോക്കിനിന്നു.സേക്രഡ് ഹാർട്ട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി കെ.കൃഷ്ണേന്ദുവാണ് ചിത്രകാരി. സ്റ്റുഡന്റ് പോലീസ് കേഡറ്റും വിമുക്തിയും ചേർന്ന് സ്കൂളുകളിൽ ചുമർചിത്രരചന മത്സരം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൃഷ്ണേന്ദു ചിത്രരചന നടത്തിയത്.മൂന്നാംക്ലാസ് മുതൽ ചിത്രരചന മത്സരത്തിൽ പങ്കെടുക്കുന്ന കൃഷ്ണേന്ദു ഊർജസംരക്ഷണവകുപ്പിന്റെ സംസ്ഥാനതല ചിത്രരചന മത്സര വിജയിയുമാണ്. വിമുക്തിബോധവത്കരണത്തിനായി രണ്ടു ചിത്രങ്ങളാണ് സ്കൂളിൽ പൂർത്തിയാക്കിയത്. എസ്പിസിയിലെ കുട്ടികൾ ചേർന്നാണ് രണ്ടാമത്തെചിത്രം പൂർത്തിയാക്കിയത്.