ട്രെയിനുകളിലെ തിക്കിനും തിരക്കിനും ശമനമില്ല; ശ്വാസം മുട്ടി മരിക്കുമോ..?
1376255
Wednesday, December 6, 2023 8:34 AM IST
കണ്ണൂർ: ഉത്തരമലബാർ മേഖലയിലെ ട്രെയിൻ യാത്രയിൽ യാത്രക്കാരുടെ ദുരിതം തുടർക്കഥയാകുന്നു. തിരക്കുള്ള സമയങ്ങളിൽ ട്രെയിൻ കുറവുമൂലമാണ് യാത്രക്കാർ വലയുന്നതിന്റെ പ്രധാനകാര്യം. കാലുകുത്തുന്നതിനു പോലും ഇടയില്ലാതെ യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതാണ് പലപ്പോഴും യാത്രക്കാരെ അവശരാക്കുന്നത്. ഒരു മാസം മുന്പ് ഈ പ്രശ്നം ഗുതരമായതോടെ ഏറെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ചില ട്രെയിനുകളിൽ ഓരോ കംപാർട്ട്മെന്റുകൾ പേരിന് കൂട്ടിയെങ്കിലും ദുരിതം തുടരുകയാണ്.
ഇതിന്റെ ഏറ്റവും അവസാനത്തെ ഇരകളാണ് കഴിഞ്ഞ ദിവസം പരശുറാം എക്സ്പ്രസിൽ രണ്ടു വിദ്യാർഥികൾ ബോധമറ്റ് കുഴഞ്ഞുവീണ സംഭവം. വടകരയിൽനിന്നു കയറിയ വിദ്യാർഥികൾക്ക് വന്ദേഭാരതിനുവേണ്ടി 20 മിനിറ്റിലധികം ഇവിടെ പിടിച്ചിട്ടശേഷം കൊയിലാണ്ടിയിൽ എത്തിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. യാത്രക്കാർ പ്രഥമ ശുശ്രൂഷ നല്കിയത് വിദ്യാർഥികൾക്ക് തുണയായി. ഇരുവരെയും കോഴിക്കോട് ഇറക്കി ചികിത്സ നൽകിയതുമൂലം ദുരന്തം ഒഴിവായി.
കഴിഞ്ഞ ആഴ്ചയിലും ഈ ട്രെയിനിൽ സമാനമായ സംഭവം നടന്നിരുന്നു. ഒക്ടോബർ 29 മുതൽ പാൻട്രികാർ ഒഴിവാക്കി ഒരു കോച്ച് കൂട്ടിയെങ്കിലും യാത്രക്കാർക്ക് യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ല. ട്രെയിനിലെ തിക്കും തിരക്കും നിറഞ്ഞ യാത്രാ ദുരിതത്തിന്റെ വാർത്താമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണ് സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ഓരോ കോച്ച് വീതം കൂട്ടിയത്.
റെയിൽവേ വൻ ക്രെഡിറ്റായി ഒരു കോച്ച് വർധിപ്പിച്ചെന്ന് പറയുന്നുണ്ടെങ്കിലും യാത്രക്കാർ പൂർണ ദുരിതത്തിലാണ്. മലബാർ മേഖലയിൽ മെമു ഉൾപ്പെടെയുള്ള കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാതെ യാത്രാദുരിതം അവസാനിപ്പിക്കാൻ കഴിയില്ലെന്നാണു യാത്രക്കാർ പറയുന്നത്.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ട്രെയിൻ യാത്രയ്ക്കിടെ അസ്വസ്ഥതകൾ അനുഭവപ്പെട്ട് ചികിത്സ തേടിയവർ മലബാർ മേഖലയിൽ അന്പതോളം വരും. റെയിൽവേ അധികൃതർ ഇതു കണ്ടില്ലെന്നു നടിക്കുന്നത് വൻ ദുരന്തം വിളിച്ചുവരുത്തുമെന്നും യാത്രക്കാർ പറയുന്നു.
സ്വന്തം ലേഖകൻ