തകർന്ന സംരക്ഷണഭിത്തി പുനർനിർമാണം ആരംഭിച്ചു
1376251
Wednesday, December 6, 2023 8:34 AM IST
ഇരിട്ടി: 2018ലെ പ്രളയത്തിൽ തകർന്ന എടൂർ പാലത്തിൻകടവ് റോഡിൽ കച്ചേരികടവിനും പാലത്തിൻകടവിനും ഇടയിൽ മീൻകുണ്ട് ഭാഗത്തെ സംരക്ഷണ ഭിത്തി പുനർനിർമാണം ആരംഭിച്ചു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം നടത്തുന്നത്. രണ്ട് കോടി രൂപ ചെലവിലാണ് പുനഃർനിർമാണം നടത്തുന്നത്. 90 മീറ്റർ നീളവും 12 മീറ്റർ ഉയരവും വരുന്ന ഗ്യാബിയോൺ ഭിത്തിയാണ് നിർമിക്കുന്നത്.
പുഴയുടെ അടിത്തട്ടിൽനിന്നും കോൺക്രീറ്റ് അടിത്തറക്ക് മുകളിൽ പ്രത്യേക ഇരുമ്പ് നെറ്റിനുള്ളിൽ കരിങ്കല്ലുകൾ അടുക്കിയാണ് ഭിത്തിയുടെ നിർമാണം. ഭിത്തിയുടെ നിർമാണം പൂർത്തിയാകുന്നഓരോ ഘട്ടത്തിലും മണ്ണിട്ട് ബലപ്പെടുത്തിയ ( നൈയിലിംഗ് ) ശേഷമാണ് അടുത്തഘട്ടം ആരംഭിക്കുക.
2018 ലെ പ്രളയത്തിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നതോടെ റോഡും അതിനോട് ചേർന്ന് ബാരാപോളിലേക്ക് വെള്ളം എത്തുന്ന കനൽ ഉൾപ്പെടെ കടന്നു പോകുന്ന പ്രദേശവും മണ്ണിടിച്ചിൽ ഭീഷണിയിലായിരുന്നു. പ്രളയത്തിൽ റോഡ് അടക്കം പഴയ കോൺക്രീറ്റ് സംരക്ഷണ ഭിത്തി മീറ്ററുകളോളം നിരങ്ങി നീങ്ങിയിരുന്നു.
തുടർന്നുവന്ന ഓരോ മഴക്കാലത്തും ചെറിയ തോതിൽ മണ്ണിടിച്ചിലും ഉണ്ടായി. അപകട സാധ്യത നിലനിക്കുമ്പോഴും പുറം ലോകവുമായി ബന്ധപ്പെടാൻ മറ്റു വഴികൾ ഒന്നുമില്ലാതിരുന്ന പാലത്തിൻകടവ് നിവാസികൾ ഇതുവഴി തന്നെയാണ് യാത്ര ചെയ്തിരുന്നത്. പുതിയ സംരക്ഷണ ഭിത്തി വരുന്നതോടെ വർഷങ്ങളായി തുടരുന്ന അപകടാവസ്ഥനിന്നും ഇവിടുത്തുകാർക്ക് മോചനമാകും.
സണ്ണി ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മേരി റെജി, പഞ്ചായത്ത് അംഗം ബിജോയ് പ്ലാത്തോട്ടം എന്നിവരുടെ ശ്രമഫലമായി തകർന്ന പഴയസംരക്ഷണ ഭിത്തിക്കും പുഴക്കും ഇടയിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം കൂടി വിട്ടുകിട്ടിയതിനാൽ നിർമാണം അടുത്ത മഴക്കാലത്തിന് മുന്പ് പൂർത്തിയാക്കാനാകും. മീൻകുണ്ട് ഭാഗം കൂടി പണി പൂർത്തിയാകുന്നതോടെ എടൂർ പാലത്തിൻകടവ് കെഎസ്ടിപി റോഡിന്റെ ഏകദേശം പണികൾ പൂർത്തിയാകും.