അയ്യൻകുന്ന് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രാജിവച്ചു
1376249
Wednesday, December 6, 2023 8:34 AM IST
ഇരിട്ടി: യുഡിഎഫ് ഭരണത്തിലിരിക്കുന്ന അയ്യൻകുന്ന് പഞ്ചായത്തിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കോൺഗ്രസിലെ മിനി വിശ്വനാഥൻ രാജിവച്ചു. ഡിസിസി നിർദേശാനുസരണമാണ് നടപടി. പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തെ തർക്കപരിഹാരത്തിന്റെ ഭാഗമായി ഡിസിസി നടത്തിയ ചർച്ചകളുടെ ഭാഗമായാണ് മിനിവിശ്വനാഥൻ സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന.
ഇന്നലെ വൈകുന്നേരം ഇവർ പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകിയത്. പാർട്ടിക്കുള്ളിലെ തർക്കത്തെ തുടർന്ന് മിനിവിശ്വനാഥൻ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബെന്നി എന്നിവരോട് സ്ഥാനമൊഴിയാൻ പാർട്ടി നിർദേശിച്ചതായി സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. അടുത്ത ദിവസം സിന്ധു ബെന്നിയും സ്ഥാനം ഒഴിഞ്ഞേക്കും. ഇരുവർക്കും പകരമായി കോൺഗ്രസിലെ ഐസക് ജോസഫ്, സജി മച്ചിത്താനി എന്നിവരെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നുണ്ട്. അച്ചടക്കമുള്ള പ്രവർത്തക എന്ന നിലയിൽ പാർട്ടിയുടെ നിർദേശം അനുസരിക്കുകയാണ് താൻ ചെയ്തതെന്ന് മിനി വിശ്വനാഥൻ പറഞ്ഞു.
അയ്യൻകുന്ന് പഞ്ചായത്തിൽ കോൺഗ്രസിന് ഏഴും കേരള കോൺഗ്രസ് ജോസഫിന് രണ്ടും കോൺഗ്രസ് വിമതരായി മത്സരിച്ച് ജയിച്ച് മൂന്നു പേരും രണ്ട് സിപിഎം അംഗങ്ങളും സിപിഐ, ബിജെപി പ്രതിനിധികളായി ഓരോ അംഗങ്ങളുമാണ് ഉള്ളത്. കോൺഗ്രസ് വിമതരായി മത്സരിച്ച് ജയിച്ചവർ നിലവിൽ യുഡിഎഫിനൊപ്പമാണ്.