കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാർ പണിമുടക്കിൽ
1375974
Tuesday, December 5, 2023 6:13 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഇന്നലെ മുതൽ ഹൗസ് സർജൻസി ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. രാവിലെ മെഡിക്കൽ കോളജിൽ ഡോക്ടർമാർ ധർണ നടത്തി. ഡോ. നീരജ കൃഷ്ണൻ, ഡോ. സൗരവ് സുരേഷ്, പരിയാരം ഐഎംഎ പ്രസിഡന്റ് ഡോ. മാധവൻ, ആംസ്റ്റ പ്രസിഡന്റ് ഡോ. രമേശൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ കുത്തിയിരിപ്പ് സമരവും തുടങ്ങി.
അഞ്ചുമാസമായി മുടങ്ങിക്കിടക്കുന്ന സ്റ്റൈപ്പൻഡ് അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഉച്ചയോടെ മെഡിക്കൽ കോളജ് അധികൃതരുമായി നേതാക്കൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതോടെ സമരം തുടരാനാണ് തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.
2018 ബാച്ചിലുള്ള 90 ഹൗസ് സർജൻമാരാണ് കഴിഞ്ഞ അഞ്ച് മാസമായി സ്റ്റൈപ്പന്‍ഡ് ലഭിക്കാത്തതിനെ തുടർന്ന് പണിമുടക്കുന്നത്. 36 മണിക്കൂർ ഷിഫ്റ്റുകളിലായി രാപകൽ രോഗീപരിചരണം നടത്തുന്ന ഹൗസ് സർജൻമാരാണ് ചികിത്സാരംഗത്ത് സജീവമായുള്ളത്. അതിനാൽ പണിമുടക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. 2017 ബാച്ചുകാർക്ക് സ്റ്റൈപ്പന്‍ഡ് നൽകുമ്പോഴും ഗവൺമെന്റ് ഡിഎംഇയിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ 2018 ബാച്ചിലെ ഹൗസ് സർജൻസിന് സ്റ്റൈപ്പൻഡിന് അർഹതയുണ്ടാകൂ എന്നാണ് സർക്കാർ വാദം.
സർക്കാർ തലത്തിൽ ഉടൻ പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും നടപ്പാകാ ത്തതി നെ തുടർന്നാണ് സമര മെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.