പൈതൃക നഗരിയിൽ ഇന്നു മുതൽ കൗമാര കലോത്സവം
1375963
Tuesday, December 5, 2023 5:57 AM IST
തലശേരി: പൈതൃക നഗരിയിലെ പതിനൊന്ന് വിദ്യാലയങ്ങളിലെ 18 വേദികളിലായി ജില്ലയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് ഇന്ന് തിരശീല ഉയരും. 8639 പ്രതിഭകൾ മാറ്റുരക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ നഗരസഭ ചെയർമാൻ കെ.എം ജമുന റാണി, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എ.പി അംബിക എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലം വരെയുള്ളപ്രതിഭകളാണ് അഞ്ച് ദിവസങ്ങളിലായി നടത്തുന്ന കലോത്സവത്തിൽ മാറ്റുരക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നഗരത്തിലെ വിവിധ സ്കൂളുകളിൽ ഒരുക്കിയ മത്സര വേദികളിലെത്തിപ്പെടാനുള്ള വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗതക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് പോലീസിനു പുറമെ എസ്പിസി കേഡറ്റുകളും എൻഎസ്എസ് വോളണ്ടിയേഴ്സും പ്രവർത്തിക്കും. 15 ഉപജില്ലകളിൽ നിന്നായി വിദ്യാർഥികളും രക്ഷിതാക്കളും കലാ ആസ്വാദകരും ഉൾപെടെ 25,000 ത്തോളം പേരുടെപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
കലോത്സവം പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് സംഘടിപ്പിക്കുന്നത്. ഗവ.ഗേൾസ് ഹൈസ്കൂളിൽ അഞ്ച് ദിവസവും പായസത്തോട് കൂടിയുള്ള സദ്യയാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ ഊട്ടുപുരയിൽ സദ്യക്കൊപ്പം ഇത്തവണ അധ്യാപകർ ഒരുക്കുന്ന കലാ വിരുന്നും ഉണ്ടാകും. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലാണ് മീഡിയാ സെന്റർ പ്രവർത്തിക്കുക.
കലോത്സവത്തിന്റെ ഉദ്ഘാടനം ഗുണ്ടർട്ട് റോഡിലെ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ നാളെ ഉച്ച കഴിഞ്ഞമൂന്നിന് നടക്കും. ഒൻപതിന് വൈകുന്നേരം നാലിന് ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടർ അരുൺ കെ.വിജയൻ സമ്മാന വിതരണവും നഗരസഭാ ചെയർ പേഴ്സൺ കെ.എം.ജമുനാ റാണി ഉപഹാര സമർപ്പണവും നടത്തും. പത്രസമ്മേളനത്തിൽ ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.വി. സഖീഷ്, പബ്ലിസിറ്റി കൺവീനർ വി.വി.രതീഷ്, ഭക്ഷണ കമ്മിറ്റി കൺവീനർ സി.വി. എ. ജലീൽ, റിസപ്ഷൻ കമ്മിറ്റി കൺവീനർ സിദ്ധിഖ് കൂടത്തിൽ എന്നിവരും പങ്കെടുത്തു.