‘ശ്രീകണ്ഠപുരം സ്റ്റേഷൻ പരിധിയിലെ കേസുകൾ തളിപ്പറമ്പ് കോടതിയിൽ തന്നെ നിലനിർത്തണം’
1375959
Tuesday, December 5, 2023 5:57 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ കേസുകൾ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിധിയിൽ തന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഹൈക്കോടതിയും ജില്ലാകോടതിയും സർക്കാരും തീരുമാനിച്ച പ്രകാരം കഴിഞ്ഞമാസം 15 മുതൽ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിളിക്കുന്ന കേസുകൾ കണ്ണൂർജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ മൂന്നിലേക്ക് മാറ്റിയിരിക്കുകയാണ്.
കണ്ണൂരിലെ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധി പുനർനിർണയിക്കുകയും വിജ്ഞാപനം അനുസരിച്ച് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ കണ്ണൂർ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണിത്.
ഇതോടെ നിലവിൽ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കേസുകൾ എല്ലാം തളിപ്പറമ്പിന് പകരം കണ്ണൂരിലേക്ക് മാറി. ഇത് ഈ മേഖലയിലെ കോടതി വ്യവഹാരികളെയും അഭിഭാഷകരെയും ഉദ്യോഗസ്ഥരെയും ഏറെ ബുദ്ധിമുട്ടിലാക്കും. ശ്രീകണ്ഠപുരം പരിധിയിൽ നിന്ന് കണ്ണൂരിലേക്ക് അന്പത് കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടി വരും.
കേസുകൾ തളിപ്പറന്പിൽ തന്നെ പരിഗണിക്കുകയാണെങ്കിൽ ഈ മേഖലയിലുള്ളവർക്ക് അധിക ദൂരം യാത്ര ചെയ്യേണ്ടതുമില്ല. തളിപ്പറന്പ് കോടതിയിലെ കേസുകൾ കണ്ണൂരിലേക്ക് മാറ്റിയ തീരുമാനം റദ്ദാക്കണമെന്നതിനൊപ്പം ശ്രീകണ്ഠപുരത്ത് കോടതി സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
തീരുമാനം റദ്ദാക്കണം: കോൺഗ്രസ്
തളിപ്പറന്പിൽ പരിഗണിച്ച കേസുകൾ കണ്ണൂരിലേക്ക് മാറ്റിയ ഹൈക്കോടതി, ജില്ലാ കോടതി തീരുമാനം റദ്ദാക്കി കോടതി തളിപ്പറന്പിൽ പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് നേതാക്കളായ ഇ.വി. രാമകൃഷ്ണൻ, എൻ.ജെ. സ്റ്റീഫൻ എന്നിവർ ആവശ്യപ്പെട്ടു. ചെങ്ങളായി, വളക്കൈ ഭാഗത്തുള്ളവർക്ക് നേരത്തെ എട്ടു കിലോമീറ്റർ പരിധിയിലെ തളിപ്പറമ്പ് കോടതിയെ ആശ്രയിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ പെറ്റിക്കേസിനു പോലും ദീർഘദൂരം യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോടതി മാറ്റിയ തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
കോടതി ശ്രീകണ്ഠപുരത്ത് ആരംഭിക്കണം: സിപിഎം
മുൻസിഫ് മജിസ്ട്രേറ്റ് കോടതി ശ്രീകണ്ഠപുരത്ത് സ്ഥാപിക്കണമെന്ന് സിപിഎം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമ ന്ത്രി എന്നിവർക്ക് സിപിഎം ഹർജി നൽകി. ശ്രീകണ്ഠപുരത്ത് ഒരു മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ച് ശ്രീകണ്പുരം, പയ്യാവൂർ, ഇരിക്കൂർ, കുടിയാന്മല പോലീസ് സ്റ്റേഷനുകൾ ശ്രീകണ്ഠപുരം കോടതിയുടെ പരിധിയിലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.