ഗൃഹനാഥന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
1375828
Monday, December 4, 2023 10:04 PM IST
കൂത്തുപറമ്പ്: നിർമലഗിരി കുറുമ്പുക്കലിൽ ഗൃഹനാഥന്റെ മൃതദേഹം വീടിനു സമീപം പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുറുമ്പക്കലിലെ നാമത്ത് ഫാമിന് സമീപം പുതിയവീട്ടിൽ ദിനേശൻ (53) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.
കൂത്തുപറമ്പ് എസ്ഐ അഖിലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. സ്വകാര്യ കമ്പനിയുടെ സെയിൽസ് പ്രമോട്ടറായിരുന്നു. പരേതരായ കൃഷ്ണൻ-ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: പ്രത്യുഷ് (ദുബായ്), ദീക്ഷിത്. സഹോദരങ്ങൾ: സുരേഷ് ബാബു, ജയലക്ഷ്മി.