കാട്ടുനീതി; കോൺക്രീറ്റ് കാടായി ആറളം കൃഷി ഫാം
1375826
Monday, December 4, 2023 7:14 AM IST
ഇരിട്ടി : ഇന്ത്യയിലെ ഏറ്റവും മികച്ച കാർഷിക ഫാം ആയിരുന്ന സെൻട്രൽ സ്റ്റേറ്റ് ഫാം ആറളം ഏറെക്കുറെ കോൺക്രീറ്റ് കാടായി . 1971 ൽ സ്ഥാപിതമായ ഇന്ത്യയിലെ അറിയപ്പെടുന്ന കാർഷിക ഫാം 52 വർഷങ്ങൾക്ക് ശേഷം ഇന്നു തകർച്ചയുടെ വക്കിലാണ്. മികച്ച കാർഷിക വിളകൾക്ക് പേരുകേട്ടിരുന്ന ഫാം ഇന്ന് പേരിന് പോലും കൃഷിഫാം എന്നു വിളിക്കാൻ കഴിയാത്ത അവസ്ഥയിലെത്തി നിൽക്കുകയാണ്.

കേവലം ആറളം വന്യജീവി സങ്കേതത്തിലെ വന്യമൃഗങ്ങളെ മേയാൻ വിടുന്ന സ്ഥലമായി ഫാം തരം താണിരിക്കുന്നു എന്നതാണ് സത്യം. വന്യമൃഗങ്ങളുടെ പരാക്രമത്തിൽ കൃഷികൾ നശിച്ചതോടെ പുനരധിവാസ മേഖലയിൽ അവശേഷിക്കുന്നത് കോൺക്രീറ്റ് കാടുകൾ മാത്രമാണ്.
പാളിപ്പോയ ആദിവാസി പുനരധിവാസം
ആറളം ഫാമിന്റെ പകുതിയോളം വരുന്ന ഭാഗം ആദിവാസി പുനരധിവാസത്തിനായി വിട്ടതോടെ ഫാമിന്റെ വരുമാനത്തിൽ വലിയൊരു കുറവ് സംഭവിച്ചു. ആറളം വന്യജീവി സങ്കേതത്തിൽനിന്നും ഇറങ്ങുന്ന ആനകൾ കൃഷിക്കും ജീവനും ആപത്തായതോടെ പുനരധിവാസ മേഖല ഉൾപ്പെടെ വ്യാപകമായ കൃഷിനാശവും ജീവഹാനിയും നിത്യസംഭവമായി. തെങ്ങും കശുമാവും സർവ വിളകളും പൂർണമായി നശിപ്പിച്ച ആനക്കൂട്ടം ഫലഭൂയിഷ്ടമായ കൃഷി ഭൂമിയെ ശവപ്പറമ്പാക്കി മാറ്റി. വന്യ മൃഗങ്ങളുടെ ആക്രമണം ഭയന്ന് പല കുടുംബങ്ങളും ലഭിച്ച ഭൂമി ഉപേക്ഷിച്ചു തിരിച്ചുപോയി.
ഭൂമി അനുവദിച്ചെങ്കിലും പല ഭാഗത്തുനിന്നുള്ളവരും താമസത്തിന് എത്തിയതുമില്ല. ഇതോടെ പല ആദിവാസി സംഘടനകളുടെയും പിൻബലത്തിൽ 200 ഓളം കുടുംബങ്ങൾ അനധികൃത കുടിയേറ്റക്കാരയി വിവിധ ബ്ലോക്കുകളിൽ കഴിയുന്നു. ആദിവാസി പുനരധിവാസത്തിന്റെ ഭാഗമായി നിർമിച്ച വീടുകൾ അധികവും കാടുകയറി വന്യമൃഗങ്ങളുടെ താവളമായി മാറി. വയനാട് ഭാഗക്കാർക്ക് അനുവദിച്ച 400 ഏക്കറോളം ഭൂമിയും അതിനുള്ളിലെ വീടുകളൂം കാടുകയറി വനത്തിന് തുല്യമായി മാറിയിരിക്കുന്നു.
പാഴാകുന്നത് 100 കോടിയുടെ കെട്ടിടങ്ങൾ
പുനരധിവാസ മേഖലയുടെ വിവിധ ബ്ലോക്കുകളിലായി നബാഡ്, കിഫി പദ്ധതികളിലായി പണി തീർത്ത 100 കോടി രൂപയുടെ കെട്ടിടങ്ങളാണ് ഉയർന്നിരിക്കുന്നത്. പുനരധിവാസ മേഖലയിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പല പദ്ധതികളിലായി നിർമാണം പൂർത്തിയായതും ഇനിയും പൂർത്തിയാകാത്തതുമായ കെട്ടിടങ്ങൾ കാടുകയറി മൂടിയ നിലയിലാണ്. ആയുർവേദ ആശുപത്രി കെട്ടിടങ്ങൾ, ഗവ. ആശുപത്രിയുടെ കിടത്തി ചികിത്സക്കുള്ള കെട്ടിടം, കൃഷിഭവൻ കെട്ടിടങ്ങൾ, സാംസ്കാരിക നിലയങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, മോഡൽ സ്കൂൾ കെട്ടിടം, ഹയർ സെക്കൻഡറി കെട്ടിടം, വിവിധ ബ്ലോക്കുകളിൽ ആരംഭിക്കാൻ പദ്ധതിയിട്ട സപ്ലൈകോ സൂപ്പർ മാർക്കറ്റ് കെട്ടിടങ്ങൾ പണി തീർന്നതും തീരാതെയും 100 കോടി രൂപയുടെ കെട്ടിടങ്ങളാണ് ഫാമിനുള്ളിൽ കാടുകയറി നശിക്കുന്നത്.
മോഡൽ റസിഡൻഷ്യൽ സ്കൂൾ
ആറളം ഫാം പുനരധിവാസ മേഖലയിൽ പട്ടികജാതി പട്ടിക വർഗ വകുപ്പിന്റെ കീഴിൽ 2018 നവംബറിൽ പ്രവൃത്തി ആരംഭിച്ച മോഡൽ റെസിഡൻഷ്യൽ സ്കൂൾ 2021 സെപ്റ്റംബറിൽ പണിതീർത്തെങ്കിലും കാടുകയറി നശിക്കുന്ന ഗണത്തിലാണ്. 173923518 രൂപ ചെലവിൽ പണി പൂർത്തിയാക്കിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും കാടുകയറി. 93967 സ്ക്വയർ ഫീറ്റ് വിസ്തൃതമായ കെട്ടിടത്തിൽ 350 കുട്ടികൾക്കുള്ള പഠന സൗകര്യം, സ്റ്റാഫ് ക്വാർട്ടേഴ്സ്, ബോയ്സ്, ഗേൾസ് ഹോസ്റ്റലുകൾ കാന്റീൻ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെങ്കിലും എട്ട് ഏക്കറോളം വരുന്ന സ്കൂളിന്റെ ചുറ്റുമതിൽ ഒൻപതു തവണയാണ് കാട്ടാന തകർത്തത്. അടുത്ത അധ്യയന വർഷം സ്കൂൾ തുറന്ന് പ്രവർത്തിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പ് പറയുന്നുണ്ടെങ്കിലും. കറന്റ് ബില്ല് പോലും അടയ്ക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
ആദിവാസി പുനരധിവാസ മേഖലയിലെ ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗത്തിനായി പണിതീർത്ത കെട്ടിടവും തുറന്നുകൊടുക്കാതെ കാടുകയറുന്നു. 2019 ൽ നബാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഹയർ സെക്കൻഡറി ബ്ലോക്ക് കാടുകയറി നശിക്കുകയാണ് .
ശമ്പളം ലഭിക്കാതെ ഫാമിലെ തൊഴിലാളികൾ
കോടികളുടെ കോൺക്രീറ്റ് കെട്ടിടങ്ങൾ വിവിധ ബ്ലോക്കുകളിൽ ഉയരുമ്പോഴും വരുമാനം നിലച്ചു കോടികളുടെ കടബാധ്യതയിലാണ് ആറളം ഫാമിന്റെ ഇന്നത്തെ അവസ്ഥ. 400 ഓളം വരുന്ന തൊഴിലാളികളുടെ അഞ്ചു മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും അടക്കം മുടങ്ങി കിടക്കുമ്പോഴും ഇവിടെ കോൺക്രീറ്റ് കാടുകൾ ഉയരുന്നത് ആർക്കുവേണ്ടി ആണെന്നതാണ് ചോദ്യം ബാക്കി.