ലോകഭിന്നശേഷി ദിനാചരണവും സൗജന്യമെഡിക്കൽ ക്യാന്പും നടത്തി
1375824
Monday, December 4, 2023 7:14 AM IST
കരുവഞ്ചാൽ: തലശേരി അതിരൂപത ഭിന്നശേഷി സേവന വിഭാഗമായ ആദം മിനിസ്ട്രിയും കരുവഞ്ചാൽ സെന്റ് ജോസഫ് ഹോസ്പിറ്റലും സംയുക്തമായി ലോകഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ജനാഘോഷത്തിന്റെ ഭാഗമായി ഭിന്ന ശേഷിക്കാർക്കായി രാവിലെ 8.30 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് മരുന്നുകളും നൽകി.
ഭിന്നശേഷി സമൂഹത്തോടുള്ള അതിരൂപതയുടെയും കരുവഞ്ചാൽ സെന്റ് ജോസഫ് ഹോസ്പിറ്റലിലെയും കരുതലിന്റെ ഭാഗമായി ക്യാന്പിൽ പങ്കെടുത്തവർക്ക് ഒരു വർഷത്തേക്കുള്ള ഹോസ്പിറ്റൽ പ്രിവിലേജഡ് കാർഡുകളും വിതരണം ചെയ്തു. സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.സാബു പുതുശേരി, അഡ്മിനിസ്ട്രേറ്റർ ഫാ .അനീഷ് മണവത്ത്, ഡോ. അമൽ എന്നിവർ മെഡിക്കൽ ക്യാന്പിന് നേതൃത്വം നൽകി.
കരുവഞ്ചാൽ ആശാഭവൻ സ്പെഷൽ സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ മേഴ്സിറ്റ എസ്എച്ചിനെ ഭിന്നശേഷി കുഞ്ഞുങ്ങൾക്കായി നൽകുന്ന ശുശ്രൂഷകൾ പരിഗണിച്ച് ആദരിച്ചു. ഭിന്നശേഷി സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനത്തിനുതകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ബനഡിക്ടൈൻ ശാന്തിഗിരി ആശ്രമത്തിന്റെ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന കരുതൽ പദ്ധതിയുടെ ഉദ്ഘാടനം ആലക്കോട് ബധിര ബൈബിൾ സൊസൈറ്റി അംഗങ്ങൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ നൽകി ആശ്രമ സുപ്പീരിയർ ഫാ. ജോർജ് കുറുമണ്ണിൽ നിർവഹിച്ചു.
കരുവഞ്ചാൽ സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജോസഫ് ഈനാച്ചേരിൽ കരുവഞ്ചാൽ ഇടവക മാതൃവേദി, ചെറുപുഷ്പ മിഷൻ ലീഗ് പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. അതിരൂപത ഭിന്നശേഷി വിഭാഗം ആദം മിനിസ്ട്രി ഡയറക്ടർ ഫാ. ജോർജ് കളരിമുറിയിൽ നേതൃത്വം നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഭിന്നശേഷി സമൂഹാംഗങ്ങൾ ആഘോഷങ്ങളിൽ പങ്കുചേർന്നു.