പൊതുജനത്തിനായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല: സജീവ് ജോസഫ്
1375812
Monday, December 4, 2023 7:01 AM IST
പയ്യാവൂർ: കാർഷിക മേഖലയിലെ പ്രതിസന്ധിയും കാർഷിക വായ്പ ഉൾപ്പെടെയുള്ള കടക്കെണിയും മൂലം കർഷക ആത്മഹത്യകൾ കൂടിവരികയാണെന്നും ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം പയ്യാവൂർ ചീത്തപ്പാറയിൽ മറ്റത്തിൽ ജോസഫിന്റെ ആത്മഹത്യയെന്നും സജീവ് ജോസഫ് എംഎൽഎ. ജോസഫിന്റെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികള്‍ മുടക്കി നവകേരള സദസ് പോലുള്ള ധൂര്‍ത്ത് നടത്തുന്നതല്ലാതെ പാവപ്പെട്ട കർഷകർ ഉൾപ്പടെയുള്ള പൊതുജനത്തിനായി ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ല. ജോസഫ് ഉൾപ്പെടെയുള്ള കർഷകരുടെ മരണത്തിന് സർക്കാർ ഉത്തരവാദിയാണ്. ഇത്തരം കുടുംബങ്ങളെ സംരക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
എംഎൽഎയോടൊപ്പം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് തുരുത്തേൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി. അഷ്റഫ്, ജിത്തു തോമസ്, സിന്ധു ബെന്നി, ബേബി മുല്ലക്കരി,വിത്സൺ കുറുപ്പനാട്ട് എന്നിവരുമുണ്ടായിരിന്നു.