കൊട്ടിയൂരിനെ വനമാക്കാൻ ഏറ്റെടുത്തത് 17.863 ഹെക്ടർ കൃഷിഭൂമി
1375529
Sunday, December 3, 2023 6:34 AM IST
കൊട്ടിയൂർ: കണ്ണൂർ ജില്ലയിൽ സ്വയം സന്നദ്ധ പുരോധിവാസ പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായത് കൊട്ടിയൂർ പഞ്ചായത്തിൽ മാത്രം. ആറളമടക്കമുള്ള പഞ്ചായത്തുകളിൽ അപേക്ഷ ക്ഷണിച്ചെങ്കിലും നടപടികൾ എങ്ങും എത്തിയിട്ടില്ല. കൊട്ടിയൂർ പഞ്ചായത്തിലെ 38 കുടുംബങ്ങളുടെ 17.863 ഹെക്ടർ കൃഷിഭൂമിയാണ് ഇതിനായി വനംവകുപ്പ് ഏറ്റെടുത്തത്.
നാലു കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലുമാണ്. കൊട്ടിയൂർ പഞ്ചായത്തിൽ ആയിരത്തോളം കുടുംബങ്ങളാണ് താത്പര്യം പ്രകടിപ്പിച്ച് വനംവകുപ്പിനെ സമീപിച്ചിട്ടുള്ളത്.
കിഫ്ബി റീ ബിൽഡ് കേരള പദ്ധതി പ്രകാരമാണ് ഭൂമി ഏറ്റെടുക്കൽ നടപ്പിലാക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് വനംവകുപ്പാണെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്.
സെപ്റ്റംബർ 20 ലെ ഉത്തരപ്രകാരം റവന്യൂ പുറമ്പോക്കായാണ് ഭൂമി ഏറ്റെടുക്കുക. വികസന പ്രവർത്തനങ്ങൾക്കായി വനഭൂമി വിട്ടുകൊടുക്കേണ്ട സാഹചര്യത്തിൽ പകരം ഇത്തരം ഭൂമികൾ വനംവകുപ്പിന് വിട്ടുകൊടുക്കാൻ വേണ്ടിയാണ് സർക്കാർ തീരുമാനം.
നിലവിൽ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ഭൂമികൾ നഗരത്തിന് നടുക്കോ ചതുപ്പ് നിലങ്ങളോ, പുഴകളുടെ പുറമ്പോക്കോ ഒക്കെയാണ്. ഇത്തരം ഭൂമികൾ വനംവകുപ്പിന് വിട്ടുനൽകിയാൽ പിന്നീട് അത് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാലാണ് വനത്തോട് ചേർന്നുള്ള ഭൂമി ഇത്തരത്തിൽ വിട്ടുനൽകാൻ ആലോചിക്കുന്നത് .വന്യമൃഗശല്യം, കൃഷിനാശം, , വാഹനസൗകര്യക്കുറവ്, സ്ഥലത്തിന്റെ വിലക്കുറവ് ഇവയൊക്കെ പരിഗണിച്ചാണ് പലരും അപേക്ഷ നല്കിയത്.
വീടുള്ളവർക്ക് 15 ലക്ഷം
പദ്ധതിപ്രകാരം വീടുള്ളവർക്ക് 15 ലക്ഷം രൂപയാണ് ലഭിക്കുക. സ്ഥലം ഉടമയോടൊപ്പം പ്രായപൂർത്തിയായ മക്കൾ താമസിക്കുന്നുണ്ടെങ്കിൽ അവർക്കും 15 ലക്ഷം രൂപ വീതം ലഭിക്കും.എത്ര അളവ് സ്ഥലമാണെങ്കിലും 15 ലക്ഷം രൂപയാകും ലഭിക്കുക. വീടില്ലാത്തവർക്ക് രണ്ട് ഹെക്ടർവരെയുള്ള ഭൂമിക്ക് 15 ലക്ഷം ലഭിക്കും. രണ്ട് ഹെക്ടറിൽ കൂടുതലുണ്ടെങ്കിൽ ഓരോ രണ്ട് ഹെക്ടറിനെയും അടുത്ത യൂണിറ്റായി പരിഗണിക്കും.
എല്ലാവർക്കും ഒരേ തുക
പദ്ധതി അനുസരിച്ച് ഒരു സെന്റ് സ്ഥലമുള്ള ആൾക്കും മൂന്നേക്കറുള്ള ആൾക്കും 15 ലക്ഷം തന്നെയാണ് കിട്ടുക. ഇത് നീതിയല്ലെന്നും നഷ്ടമാണെന്നുമാണ് കൂടുതൽ ഭൂമിയുള്ളവർ പറയുന്നത്. അർഹിക്കുന്ന വില തന്നാൽമാത്രം കൈവശഭൂമി പദ്ധതിക്കായി നൽകിയാൽ മതിയെന്ന നിലപാടാണ് അവരുടേത്.എന്നാൽ സമീപുള്ള കൈവശഭൂമി ഏറ്റെടുക്കുന്നതോടെ ഭൂമി നൽകാത്തവർ പ്രദേശത്ത് ഒറ്റപ്പെടും. വന്യജീവിശല്യം നേരിടുന്ന പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയെന്ന ലക്ഷ്യം ഫലം കാണാതെ വരും. വന്യമൃഗശല്യംമൂലം ഒരുതരത്തിലും പ്രദേശത്ത് താമസിക്കാനാകാതെ വീട് ഒഴിഞ്ഞു പോയവരെ സംബന്ധിച്ച് പദ്ധതി ആശ്വാസം തന്നെയാണ്.