റോഡരികിലെ കാടുകൾ അപകട ഭീഷണിയാകുന്നു
1375200
Saturday, December 2, 2023 2:07 AM IST
വെമ്പുവ: മലയോര ഹൈവേയിലെ പയ്യാവൂർ വെമ്പുവ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ വളർന്നത് വാഹനാപകടങ്ങൾക്കിടയാക്കുന്നു. കാൽനടയാത്രയും ദുസഹമാണ്. അപകട ഭീതിയോടെയാണ് ഈ ഭാഗത്ത് കൂടി ആളുകൾ വഴി നടക്കുന്നത്.
ടൗണിനോട് ചേർന്ന ഭാഗമായതിനാൽ പ്രഭാത സവാരി നടത്തുന്നവർക്കും പൊന്തക്കാടുകൾ വെല്ലുവിളിയാണ്. മലയോര ഹൈവേയിലെ ഏറ്റവും അവഗണിക്കപ്പെട്ട ഭാഗമായ പുറഞ്ഞാൺ മുതൽ പയ്യാവൂർ വരെ ഓവുചാലുകൾ ഇല്ലാത്തതിനാൽ വെള്ളം റോഡിലൂടെ ഒഴുകി ഇരുവശവും പായൽ പിടിച്ച നിലയിലുമാണുള്ളത്. ഇതു മൂലം കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് വിദ്യാർഥികളാണ്. അധികൃതർ ഉടൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വെമ്പുവ ഫ്രണ്ട്സ് സ്വാശ്രയ സംഘം യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സിബി ചെറുവള്ളിൽ, തങ്കച്ചൻ ചക്കാനിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.