ജനകീയ ആർഡിഒ ഇ.പി. മേഴ്സി പടിയിറങ്ങി
1375199
Saturday, December 2, 2023 2:07 AM IST
തളിപ്പറമ്പ്: സമാനതകളില്ലാത്ത പ്രവർത്തനമികവുമായി കണ്ണൂർ ജില്ലയുടെ ജനകീയ ആർഡിഒ ഇ.പി മേഴ്സി ഒദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങി. മേയ് 31 നാണ് ഔദ്യോഗികമായി വിരമിക്കുന്നതെങ്കിലും ഇന്നലെ മുതൽ അവധിയിൽ പ്രവേശിച്ചു. മേഴ്സി മേഡമായും, മേഴ്സി ചേച്ചിയായും ഒക്കെ സഹപ്രവർത്തകർക്കിടയിലും, പൊതുജനങ്ങൾക്കിടയിലും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിനുടമയാണ് മാനന്തവാടി സ്വദേശിനിയായ ഇ.പി. മേഴ്സി. 2021 ജൂലൈ 14 പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളുടെ പരിധിയിലുള്ള ആർഡിഒ ആയി ചുമതലയേറ്റ ഇ.പി മേഴ്സി തന്റെ പ്രവർത്തന മികവും, സംഘാടന മികവും കൊണ്ട് എല്ലാവിഭാഗം ജനങ്ങളേയും ചേർത്തു പിടിച്ചാണ് മുന്നോട്ട് പോയത്. തളിപ്പറമ്പിലെ മിനി സിവിൽ സ്റ്റേഷനിലെ ഓഫീസിലേക്ക് പരാതിയുമായി ആർക്കും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാമായിരുന്നു. ഒട്ടുമിക്ക പരാതികൾക്കും ഇവർ യഥാവിധി പരിഹാരം കണ്ടെത്തിയിരുന്നു. വർഷങ്ങളായി കോടതി വ്യവഹാരത്താലും, തർക്കത്തിലും കുടുങ്ങിക്കിടന്നിരുന്ന രണ്ട് ആരാധനാലയങ്ങൾ തമ്മിലുള്ള പ്രശ്നവും ഇ.പി മേഴ്സി ഇടപെട്ട് പരിഹരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. മൂന്ന് താലൂക്ക് പരിധികളിലുള്ള വലിയ പരിധിക്കുള്ളിൽ എല്ലായിടത്തും ഒരു പോലെ ഇവർ ശ്രദ്ധ പതിപ്പിച്ചു.
1971 ഇന്ത്യ-പാക് യുദ്ധത്തിൽ വീരമ്യുത്യു വരിച്ച സൈനികൻ ഇ.പി. വർഗീസിന്റെ സഹോദരിയാണ് ഇ.പി മേഴ്സി.1998 ഏപ്രിൽ 29ന് വയനാട് ജില്ലയിൽ എൽഡി ക്ലാർക്കായിട്ടാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. പിന്നിട് വയനാട്, തൃശൂർ,കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി വില്ലേജ് ഓഫീസർ, തഹസിൽദാർ, ഹുസൂർ ശിരസ്താദാർ, ഡപ്യൂട്ടി കളക്ടർ, കണ്ണൂർ എഡിഎം എന്നീ തസ്തികകളിൽ ജോലി ചെയ്തതിന് ശേഷമാണ് തളിപ്പറമ്പിൽ ആർഡിഒയായി ചുമതലയേറ്റത്. താലൂക്ക് വികസന സമിതി യോഗങ്ങൾ യഥാവിധി സമയത്തുതന്നെ വിളിച്ചു ചേർക്കുകയും ഇതിലൂടെ ജനപ്രതിനിധികളുടേയും, ഉദ്യോഗസ്ഥൻമാരുടേയും ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നു.
മിനി സിവിൽസ്റ്റേഷൻ മനോഹരമാക്കാനുള്ള പ്രവർത്തനങ്ങളും ജീവനക്കാരോടൊപ്പം കെട്ടിടത്തിന് മുകളിൽ ടെറസിൽ ജൈവരീതിയിൽ പച്ചക്കറി കൃഷിയും നടത്തി. ഏതു സ്ഥാനങ്ങളിൽ ഇരുന്നപ്പോഴും ഓഫീസിന്റെ ചുവരുകളിലും ഫയലുകളിലും മാത്രം ഒതുങ്ങാതെ ജനങ്ങളിലേക്കിറങ്ങി അവരുടെ പ്രശ്നങ്ങൾ മനസിലാക്കി അവയ്ക്ക് പരിഹാരം കാണുന്നതിൽ ശ്രദ്ധ പതിപ്പിച്ച ഇവർ പ്രളയകാലത്തു, കോവിഡ് കാലത്തും സമാനതകളില്ലാത്ത പ്രവർത്തനമാണ് നടത്തിയിരുന്നത്.