ഇരിട്ടിയിൽ വേണം ട്രാഫിക് സ്റ്റേഷൻ
1375190
Saturday, December 2, 2023 2:07 AM IST
ഇരിട്ടി: താലൂക്ക് ആസ്ഥാനവും തിരക്കേറിയ തലശേരി-മൈസൂരു അന്തർസംസ്ഥാനപാതയുടെ ഭാഗവുമായ ഇരിട്ടി കേന്ദ്രമായി ട്രാഫിക് പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. ചെറുതും വലതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥ ആയതോടെയാണ് ജനപ്രതിനിധികൾ അടക്കം ട്രാഫിക് സ്റ്റേഷന് ആവശ്യം ഉയർത്തുന്നത്. നിലവിൽ ടൗണിലെ ട്രാഫിക് ചുമതല പോലീസിനാണെങ്കിലും ആവശ്യമായ സേനാംഗങ്ങളില്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നാല് ഹോംഗാർഡുകളാണ് ഇപ്പോൾ ട്രാഫിക് നിയന്ത്രണത്തിനുള്ളത്.
ഒരു വർഷം; 6 ജീവനുകൾ
തലശേരി-വളവുപാറ റോഡിന്റെ നവീകരണം പൂർത്തിയായതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഉയർന്നിരിക്കുകയാണ്. ഇരിട്ടി സ്റ്റേഷൻ പരിധിയിൽ മാത്രം ഈ വർഷം വലുതും ചെറുതുമായ 66 വാഹനാപകടങ്ങളാണ് നടന്നത്. ഇതിൽ ആറു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സീബ്രാ ക്രോസിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ചു ചികിത്സയിലിരിക്കെ മരിച്ച പുതുശേരിയിലെ പാറതൊട്ടിയിൽ ജേക്കബ് എന്ന വയോധികനാണ് ഏറ്റവും ഒടുവിൽ. കീഴൂർ ടൗണിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിൽ വന്ന കാറിടിച്ച് കീഴൂർ സ്വദേശിയായ വയോധികനും മരിച്ചിരുന്നു.
അമിതവേഗവും നിയന്ത്രണങ്ങൾ ഇല്ലാത്ത പാർക്കിംഗും അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് അപകടങ്ങൾക്ക് കാരണം. ഉൾകൊള്ളാൻ കഴിയുന്നതിലധികം വാഹനങ്ങളാണ് ടൗണിൽ എത്തുന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ജനങ്ങൾ തയാറാകാത്തതും അപകടങ്ങൾക്കിടിയാക്കുന്നുണ്ട്. കീഴൂരിലും, കീഴൂർ കുന്നിലും, പുന്നാടും അപകടം നിത്യ സംഭവമാണ്.
വിഷയം വികസന സമിതിയിലും
ഇരിട്ടിയിൽ ട്രാഫിക് സ്റ്റേഷന്റെ ആവശ്യകത താലൂക്ക് വികസന സമിതിയിലും ചർച്ചയായി. ഇരിട്ടിയിലെ ട്രാഫിക് നിയന്ത്രണങ്ങളിൽ പോലീസിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നപ്പോൾ ബന്ധപ്പെട്ട് എസ്ഐ റെജി സ്കറിയ നിയമപാലനും ട്രാഫിക് സംവിധാനവും ഒരേ സ്റ്റേഷനിൽ നിന്നു ചെയ്യേണ്ടി വരുന്ന പ്രതിസന്ധികൾ വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് ഇരിട്ടിയിൽ പുതിയ ട്രാഫിക്ക് സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചത്. ഇരിട്ടി ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്ത് ഉൾപ്പെടെ ടാഫിക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനും സംവിധാനങ്ങൾ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ബസ് സ്റ്റാൻഡിലേക്കുള്ള വൺവേ അടക്കം വാഹങ്ങൾ പാർക്കിംഗിനായി കൈയേറുന്നത് വലിയ ഗതാഗതപ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.
ദീർഘദൂര ഡ്രൈവിംഗ്
ഹൈവേ പട്രോളിംഗ് ഉൾപ്പെടെ 24 മണിക്കൂർ പരിശോധനകൾ ഉണ്ടെങ്കിലും അന്തർസംസ്ഥ പാതയിലെ രാത്രികാല ദീഘദൂര ഡ്രൈവിംഗ് ഉൾപ്പെടെയുള്ളവ അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായി ഇരിട്ടി എഎസ്പി തപോഷ് ബസുമധാരി പറഞ്ഞു. രാത്രിയും പകലും ഉറങ്ങാതെയുള്ള ഡ്രൈവിംഗ് പലപ്പോഴും കാൽനടയാത്രക്കാർ അടക്കമുള്ളവരെ അപകടത്തിൽപ്പെടുത്തുകയാണ്.
പ്രഭാത സവാരിക്ക് ഇറങ്ങുന്ന പലർക്കും ഇത്തരത്തിൽ മരണം സംഭവിച്ചിട്ടുണ്ട്. രണ്ടു മാസം മുന്പ് ചാവശേരിയിൽ റോഡ് മുറിച്ചുകടക്കുമ്പോൾ അപകടത്തിൽപെട്ട റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്. സ്കൂൾ കോളജ് സമയങ്ങളിൽ കുട്ടികൾ റോഡ് മുറിച്ചുകടക്കുമ്പോഴാണ് കൂടുതൽ അപകട സാധ്യത . ഭാരം കയറ്റിയ വലിയ ടിപ്പർ ലോറികൾ അടക്കം വളരെ വേഗതയിൽ കടന്നു പോകുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇരിട്ടിയിൽ ടൗൺ കേന്ദ്രീകരിച്ച് ശക്തമായ ട്രാഫിക് നിയന്ത്രണങ്ങളും വേഗതനിയന്ത്രണങ്ങളും പ്രാബല്യത്തിൽ വന്നാൽ മാത്രമേ ടൗണിലെ അപകടങ്ങൾ കുറയ്ക്കുവാൻ കഴിയുകയുള്ളൂ.
ടൗൺ പരിധിക്കുള്ളിലെ ബസുകളുടെ മത്സരഓട്ടം കണ്ടെത്തി അടിയന്തരമായി നിയന്ത്രിക്കണം.
ട്രാഫിക് സ്റ്റേഷൻ അത്യാവശ്യം: സണ്ണി ജോസഫ് എംഎൽഎ
അനുദിനം വളരുന്ന താലൂക്ക് ആസ്ഥാനമായ ഇരിട്ടിക്ക് ഏറ്റവം അടിയന്തരമായ ആവശ്യമാണ് ട്രാഫിക് പോലീസ് സ്റ്റേഷൻ. വർധിച്ചുവരുന്ന വാഹന അപകടങ്ങളും മരണവും നിയന്ത്രിക്കാൻ ടൗണിലെ പാർക്കിംഗ് സംവിധാനം കാര്യക്ഷമമക്കാനും അതിലൂടെ കഴിയും. താലൂക്ക് വികസനസഭയിൽ അതിനുള്ള തീരുമാനം എടുത്തിരുന്നു.
നവകേരള സദസിൽ പരാതി നൽകി
ഇരിട്ടിയിലെ ട്രാഫിക് പരിഷ്കാരങ്ങൾ ഉൾപ്പെടെ കാര്യക്ഷമമായി നടപ്പിലാക്കാനും വർധിച്ചുവരുന്ന വാഹനാപകടങ്ങളും മരണങ്ങളും നിയന്ത്രിക്കാനും ഇരിട്ടി താലൂക്ക് ആസ്ഥാനമായി ഒരു ട്രാഫിക് പോലീസ് സ്റ്റേഷൻ അടിയന്തരമായി അനുവദിക്കണമെന്ന് കാണിച്ചു് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. തീർച്ചയായും അദ്ദേഹം അത് അനുഭാവപൂർവ്വം പരിഗണിക്കും.
-കെ. ശ്രീലത, മുനിസിപ്പൽ ചെയർപേഴ്സൺ