പയ്യന്നൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 20 പവനും പണവും രേഖകളും കവര്‍ന്നു
1375011
Friday, December 1, 2023 8:26 AM IST
പയ്യന്നൂര്‍: പയ്യന്നൂരില്‍ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും വിലപ്പെട്ട രേഖകളും കവർന്നു. പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ചേരിക്കൽ മുക്കിലെ പ്രവാസിയായ എൻജിനിയർ സുനിൽകുമാറിന്റെ വിഘ്നേഷ് ഹൗസ് എന്ന വീട്ടിലാണ് കവർച്ച നടന്നത്. സുനില്‍കുമാറിന്റെ ഭാര്യ പൂര്‍ണിമയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ലോക്കറ്റോടു കൂടിയ 12 പവൻ മാലയും മോതിരങ്ങളുമടക്കം 20 പവന്റെ സ്വർണാഭരണങ്ങൾ, 20,000 രൂപ, പൂർണിമയുടെ പാസ്പോർട്ട്, എസ്ബിഐ ബാങ്കിന്റെ ചെക്ക് ബുക്ക് എന്നിവയാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കും ബുധനാഴ്ച രാത്രി ഏഴേമുക്കാലിനുമിടയിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച പൂര്‍ണിമയും മറ്റു കുടുംബാംഗങ്ങളും വീടുപൂട്ടി തലശേരിയിലെ അച്ഛന്റെ വീട്ടിലേക്ക് പോയിരുന്നു. ബുധനാഴ്ച രാത്രി ഏഴേമുക്കാലോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൂട്ട് തകര്‍ന്ന് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരകളുടെ പൂട്ടുകളും തകര്‍ത്ത നിലയിലായിരുന്നു.
പയ്യന്നൂര്‍ എസ്ഐ എം.വി.ഷീജുവും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ ഫോറൻസിക് വിദഗ്ധരും പരിശോധിച്ചു.