നിബന്ധനകള്‍ പാലിച്ചില്ല; അക്ഷയ കേന്ദ്രങ്ങള്‍ക്ക് എതിരേ നടപടി
1375008
Friday, December 1, 2023 8:26 AM IST
പയ്യന്നൂര്‍: സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ നിബന്ധനകള്‍ മറികടന്നുള്ള ഭീമമായ തുക വസൂലാക്കുന്ന കേന്ദ്രങ്ങളായി മാറുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴയീടാക്കലുള്പ്പെടെയുള്ള നടപടികള്‍ തുടങ്ങി. വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിലാണു നടപടിയാരംഭിച്ചത്.
പയ്യന്നൂര്‍ ടൗണിലെ അബൂബക്കര്‍ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള അക്ഷയ കേന്ദ്രത്തിനും അന്നൂരിലെ പി. സജിനയുടെ ഉടമസ്ഥതയിലുള്ള അക്ഷയ കേന്ദ്രത്തിനും 5,000 രൂപ വീതവുമാണ് പിഴ ചുമത്തിയത്. അക്ഷയ കേന്ദ്രത്തിലെ സേവനങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് കൃത്യമായ കംപ്യൂട്ടറൈസ്ഡ് ബില്ല് നല്‍കുന്നില്ലെന്നും സര്‍വീസ് ചാര്‍ജുള്‍പ്പെടെ രേഖപ്പെടുത്തിയ ബോര്‍ഡ് ആളുകള്‍ കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കാത്തതും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കൂടാതെ സര്‍വീസ് ചാര്‍ജിനത്തില്‍ അമിത തുക ഈടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടി. അക്ഷയ കേന്ദ്രത്തിലെത്തുന്നവരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ ആയിരം രൂപ വേറെയും പിഴ ചുമത്തുമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ 2019ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലൈസന്‍സ് റദ്ദുചെയ്യുന്ന നടപടി വരെ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വയം തൊഴില്‍ സംരംഭമായി കണക്കാക്കി അനുമതി നേടുന്ന ഇത്തരം സ്ഥാപനങ്ങളില്‍ തോന്നും പോലെയാണു സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതെന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം.
ഇരുചക്ര വാഹനങ്ങളുടെ ആര്‍സി മാറ്റുന്നതിന് സര്‍ക്കാരിന് ലഭിക്കേണ്ടത് 430 രൂപയാണ്. എന്നാല്‍ ചില അക്ഷയ കേന്ദ്രങ്ങള്‍ ഇതിനായി വാങ്ങുന്നത് 630 മുതല്‍ 930 രൂപ വരെയാണ്. മോട്ടോര്‍ വാഹനങ്ങളുടെ ടാക്സ് അടക്കുന്നതിന് 1000 രൂപ വരെ സര്‍വീസ് ചാര്‍ജ് വാങ്ങുന്നവരുമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളിലും കോമണ്‍ ഡിജിറ്റല്‍ സര്‍വീസ് സെന്ററുകളിലും സ്ഥിതി വ്യത്യസ്ഥമല്ലെന്നാണു പുറത്തുവരുന്ന വിവരം.