മുഴക്കുന്ന് ഇനി സമ്പൂർണ വായനശാലാ പഞ്ചായത്ത്
1374993
Friday, December 1, 2023 8:25 AM IST
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് സമ്പൂർണ വായനശാലാ പഞ്ചായത്തായി. ഡോ. വി. ശിവദാസൻ എംപി സമ്പൂർണ വായനശാലാ പ്രഖ്യാപനം നിർവഹിച്ചു. ഇതിനകം പഞ്ചായത്തിലെ എല്ലാ വാർഡിലും ഒരു വായനശാലയെന്ന ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് മിഷന്റെ പിന്തുണയോടെയാണ് വായനശാലകൾ ഇല്ലാത്ത വാർഡുകളിലും വായനശാലകൾ രൂപീകരിച്ച് സമ്പൂർണ വായനശാലാ പഞ്ചായത്തെന്ന ലക്ഷ്യം പഞ്ചായത്തിന് കൈവരിക്കാനായത്.
ആദ്യഘട്ടമെന്ന നിലയിൽ പുതുതായി 11 വായനശാലകളാണ് പീപ്പിൾസ് മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. പഞ്ചായത്തിലെ 15 വാർഡുകളിലായി ഇരുപത് വായനശാലകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. പ്രഖ്യാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു അധ്യക്ഷത വഹിച്ചു.
പി.കെ. വിജയൻ, പി. ആരതി, രഞ്ജിത് കമൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ. വനജ, സി.കെ. ചന്ദ്രൻ, കെ.വി. ബിന്ദു, ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.വി. റഷീദ്, ഷഹീന മുഹമ്മദ്, ബി.മിനി, വി.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.