ബിജെപി വിരുദ്ധ വിശാലഐക്യം അനിവാര്യം: ഉദയനിധി സ്റ്റാലിന്
1374760
Thursday, November 30, 2023 8:41 AM IST
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാതിരിക്കാന്‍ കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജാഗ്രത പുലർത്തണമെന്ന് തമിഴ്നാട് മന്ത്രിയും ചലച്ചിത്ര നടനുമായ ഉദയനിധി സ്റ്റാലിൻ.
കണ്ണൂർ സർവകലാശാല സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം താവക്കര കാന്പസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് ഫാസിസ്റ്റ് ശക്തികൾക്ക് ഒരു സീറ്റു പോലും ലഭിച്ചിട്ടില്ല. രാഷ്ട്രീയപരമായി ഒരേ പോലെ ചിന്തിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ദ്രാവിഡ രാഷ്ട്രിയമാണ് തമിഴ്നാടിന്റെ മുഖമുദ്ര. സാംസ്കാരികമായും ഭാഷാപരമായും കേരളത്തിനും തമിഴ്നാടിനും ഏറെ സാമ്യങ്ങളുണ്ട്.
താൻ നടത്തിയ പ്രസംഗം ചില മാധ്യമങ്ങൾ തെറ്റായി കൊടുത്തപ്പോൾ ബിജെപി അതിനെ ദേശീയതലത്തിൽ വിവാദമാക്കുകയാണ് ചെയ്തത്. തനിക്ക് ഫാസിസ്റ്റ് ഭീഷണിയുണ്ടായപ്പോൾ ഏറെ പിന്തുണ ലഭിച്ച സംസ്ഥാനം കേരളമാണ്. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ തമിഴ്നാടും കേരളവും എന്നും മുൻപന്തിയിലുണ്ടാകും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ട് സംസ്ഥാനങ്ങളും ബിജെപിക്ക് ഒരു സീറ്റു പോലും നൽകില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവർണർമാരേയും ഇഡിയുൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ചും തങ്ങൾക്ക് എതിരായി നിൽക്കുന്ന സംസ്ഥാനങ്ങളെ വേട്ടയാടുകയാണ്. ദ്രാവിഡ രാഷ്ട്രീയത്തിന് മുൻഗണനയുള്ള തമിഴ്നാട്ടിൽ ബിജെപിയുടെ തന്ത്രം വിലപ്പോവില്ലെന്നും ഉദയനിധി പറഞ്ഞു.
ആദ്യമായി കണ്ണൂർ സർവകലാശാലയിലെത്തിയ ഉദയനിധി സ്റ്റാലിന് സർവകലാശാല യൂണിയൻ ഭാരവാഹികളും വിദ്യാർഥികളും ആവേശകരമായ സ്വീകരണം നൽകി. യുണിയൻ ചെർപേഴ്സൺ ടി.പി. അഖില അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എംഎൽഎ, വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, പ്രോ വൈസ് ചാൻസലർ എ. സാബു, എം.വി. ജയരാജൻ, എഴുത്തുകാരൻ അശോകൻ ചരുവിൽ, സിൻഡിക്കേറ്റ് അംഗങ്ങളായ സുകന്യ നാരായണൻ, ഡോ. പ്രമോദ് വെള്ളച്ചാൽ, രജിസ്ട്രാർ ജോബി കെ. ജോസ്, ഡോ. റഫീഖ് ഇബ്രാഹിം, പി.എസ്. സഞ്ജീവ്, സി.വി. വിഷ്ണുപ്രസാദ് എന്നിവർ പ്രസംഗിച്ചു.
നേരത്തെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉദയനിധി സ്റ്റാലിനെ മുന്‍ എംഎല്‍എ എം.വി. ജയരാജന് പൊന്നാടയണിച്ച് സ്വീകരിച്ചു.പിവിസി ഡോ. എ. സാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രതീഷ്, യൂണിയന് ചെയര്‍പേഴ്സൺ ടി.പി. അഖില എന്നിവര്‍ പങ്കെടുത്തു. ഡിഎംകെ യൂത്ത് വിംഗ് പ്രവര്‍ത്തകരും സ്വീകരിക്കാനെത്തി.