സ്റ്റൈപ്പൻഡ് ഇല്ലാതെ പരിയാരത്തെ ഹൗസ് സർജൻമാർ
1374758
Thursday, November 30, 2023 8:41 AM IST
കണ്ണൂർ: അഞ്ച് മാസമായിട്ടും സ്റ്റൈപ്പൻഡ് ലഭിക്കാതെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ. ഈ വര്‍ഷം ജൂലൈ മുതല്‍ ഹൗസ് സര്‍ജന്‍സി തുടങ്ങിയ 2018 ബാച്ചിലെ 80 ഹൗസ് സർജൻമാർക്കാണ് അധികൃതര്‍ സ്റ്റൈപ്പൻഡ് നിഷേധിക്കുന്നത്.
ഫീസ് അടച്ചില്ലെന്നാണ് കാരണമായി അധികൃതർ പറയുന്നതെന്ന് ഹൗസ് സർജൻമാർ കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, തങ്ങൾ അഡ്മിഷന് എടുത്ത ശേഷം ഫീസ് പുനര്നിര്ണയിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇത് പിന്നീട് സുപ്രീംകോടതിയിലെത്തി.
2020ല്‍ ഫീസ് പുനര്‍നിര്‍ണയിച്ചതിന് ശേഷം മാത്രം വിദ്യാര്‍ഥികള്‍ ഫീസ് അടച്ചാല്‍ മതിയെന്ന് കോടതി ഉത്തരവുണ്ടായി. വിധി വരുന്നതിന് മുമ്പുള്ള രണ്ടു വര്‍ഷത്തെ ഫീസ് ഇതിനോടകം എല്ലാവരും അടച്ചതാണ്. എന്നാല്‍, കോടതി ഉത്തരവ് നിലനില്‍ക്കെ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സ്റ്റൈപ്പൻഡിന് നടപടി സ്വീകരിക്കാത്തതെന്ന് ഹൗസ് സർജൻമാർ പറഞ്ഞു.
അതേസമയം ഇതേ നടപടി നേരിടുന്ന 2017 ബാച്ച് ഹൗസ് സര്ജന്മാര്ക്ക് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും സ്റ്റൈപ്പൻഡ് നല്‍കിവരുന്നുണ്ടെന്നും ഇവർ പറഞ്ഞു. 36 മണിക്കൂര്‍ ഷിഫ്റ്റുകളിലായി ഊണും ഉറക്കവുമില്ലാതെയാണ് ഇവിടുത്തെ ഹൗസ് സര്ജൻമാർ പണിയെടുക്കുന്നത്. ഭക്ഷണം കഴിക്കാനും മറ്റാവശ്യങ്ങള്‍ക്കും വീട്ടില്‍നിന്ന് പണം വാങ്ങേണ്ട സ്ഥിതിയാണ്. സ്റ്റൈപ്പൻഡ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് ഇവര്‍ സൂചനാ സമരം നടത്തിയിരുന്നു. 19ന് മന്ത്രി വീണാ ജോര്‍ജിനെ നേരിട്ടുകണ്ട് പരാതി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഹൗസ് സർജൻമാർ കുറ്റപ്പെടുത്തി.
സ്റ്റൈപ്പൻഡ് ഉണ്ട്, പക്ഷേ...
സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ജോലി ചെയ്യുന്ന ഹൗസ് സർജൻമാർക്ക് സർക്കാർ സ്കെയിലിൽ സ്റ്റൈപ്പൻഡ് നൽകണമെന്നാണ് നിയമം. സര്‍ക്കാര്‍ സാലറി സ്കെയില്‍ പ്രകാരം 26,000 രൂപയാണ് നല്‍കേണ്ടത്. എന്നാൽ, 25,000 രൂപയാണ് ഹൗസ് സര്ജന്മാര്ക്ക് ഇവിടെ ഒരുമാസം നല്‍കുന്നത്. നിലവില്‍ സ്ഥാപനത്തിന്റെ സ്റ്റൈപ്പൻഡ് ഹെഡില്‍ 1,11,19,337 രൂപ ബാക്കിയുണ്ടെന്നാണ് ഹൗസ് സർജൻമാര് പറയുന്നത്.
എന്നിട്ടും, സര്‍ക്കാരില്‍ നിന്ന് അനുമതി നല്കുന്ന മുറയ്ക്ക് മാത്രമേ സ്റ്റൈപ്പൻഡിന് അര്‍ഹതയുള്ളൂ എന്നാണ് മെഡിക്കൽ കോളജ് മാനേജ്മെന്റിന്റെ വാദം. എന്നാല്‍, അനുമതി നേടാനുള്ള കാര്യങ്ങളൊന്നും ഇവര്‍ ചെയ്യുന്നുമില്ലെന്ന് ഹൗസ് സർജൻമാർ കുറ്റപ്പെടുത്തി.
ഡിസംബർ നാലു മുതല്‍ അനിശ്ചിതകാല സമരം
സ്റ്റൈപ്പൻഡ് വിഷയത്തില്‍ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് വ്യക്തമായ മറുപടി നല്‍കാത്തതിലും ചെയ്യുന്ന ജോലിക്ക് അര്‍ഹതപ്പെട്ട പ്രതിഫലം ചോദിക്കുമ്പോള്‍ കൈമലര്‍ത്തുന്ന കോളജ് നടപടിയിലും പ്രതിഷേധിച്ച് ഡിസംബർ നാലുമുതല്‍ അനിശ്ചിതകാല സമരം നടത്താനൊരുങ്ങുകയാണ് ഹൗസ് സർജൻമാർ. സൂചനാപണിമുടക്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ അധികൃതർ ഇതുവരെ തുടർനടപടിയൊന്നും എടുത്തിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് സമരമെന്നും ഹൗസ് സർജൻസി ഡോക്ടർമാർ പറഞ്ഞു. പത്രസമ്മേളനത്തിൽ ഹൗസ് സര്ജന് അസോസിയേഷന് പ്രസിഡന്റ് ഡോ. സൗരവ് സുധീഷ്, സെക്രട്ടറി ഡോ. നീരജ കൃഷ്ണന്, ഡോ. അലന് ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.