രാമന്തളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ ബൈക്കും മത്സ്യത്തൊഴിലാളിയുടെ ഷെഡും വലകളും കത്തിച്ചു
1374757
Thursday, November 30, 2023 8:41 AM IST
പയ്യന്നൂര്‍: രാമന്തളിയില്‍ സിപിഎം പ്രവർത്തകനായ മത്സ്യത്തൊഴിലാളിയുടെ ബൈക്കും മറ്റൊരു മത്സ്യത്തൊഴിലാളിയുടെ ഷെഡും വലകളും കത്തിച്ചു. സിപിഎം പ്രവര്ത്തകന് കൊവ്വപ്പുറത്തെ ഒ.കെ.ഗിരീശന്റെ ബൈക്കും മത്സ്യത്തൊഴിലാളി പി.പി.രാഘവന്റെ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡും ഇവിടെ സൂക്ഷിച്ചിരുന്ന വലകളുമാണ് കത്തിച്ചത്.
ചൊവ്വാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. വലയും മറ്റു തൊഴിലുപകരണങ്ങളും സൂക്ഷിക്കാനായി കൊവ്വപ്പുറത്തെ ഏറന്പുഴക്കരയില് രാഘവന് നിര്‍മിച്ചിരുന്ന ഷെഡിന് സമീപമാണ് ഗിരീശന് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. സമീപത്ത് രാഘവന്റെയും സുരയുടേയും ബൈക്കുകളും നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഗിരീശനും രാഘവനും സുരയും പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയിലാണ് സംഭവം.
ജോലിക്കിടയില്‍ തീയുയരുന്നത് കണ്ട് കരയ്ക്കെത്തുമ്പോഴേക്കും ഷെഡും ബൈക്കും കത്തി നശിച്ചിരുന്നു. സമീപത്ത് തന്നെയുണ്ടായിരുന്ന രാഘവന്റെ ബൈക്കിനും തീയുടെ ചൂടേറ്റ് തകരാര്‍ സംഭവിച്ചിട്ടുണ്ട്. തീയുയരുന്നത് കണ്ട് ഓടിയെത്തിയവര്‍ തള്ളിമാറ്റിയതിനാൽ ഇതിന് തീപിടിച്ചില്ല. പയ്യന്നൂര്‍ എസ്ഐ എം.വി.ഷീജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയിരുന്നു. സംഭവസ്ഥലത്ത് പോലീസ് ക്യാന്പ് ചെയ്തു വരികയാണ്.
മൂന്ന് സെറ്റ് വലകളുണ്ടായിരുന്നുവെന്നും സമീപത്തുണ്ടായിരുന്ന മൂന്ന് സെറ്റ് നാടന്‍ വലകൾ കത്തി നശിച്ചതായി രാഘവന് പറഞ്ഞു. വലകള്‍ക്ക് മാത്രം എഴുപത്തായ്യായിരത്തോളം രൂപ വിലവരും. സംഭവസമയത്ത് ഒരു ഇരുചക്ര വാഹനം ഷെഡിന് സമീപത്തേക്ക് വരുന്നതിന്റെ വെളിച്ചം പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ കണ്ടിരുന്നതായി രാഘവന് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് വടക്കുമ്പാട് മറ്റൊരു മത്സ്യത്തൊഴിലാളിയുടെ ഷെഡും വലകളും സാമൂഹിക വിരുദ്ധര്‍ കത്തിച്ചിരുന്നു.