ആനകളെ തടയാൻ നാലു കിലോമീറ്ററിൽ തൂക്കുവേലി നിർമിച്ച് ജനകീയ കൂട്ടായ്മ
1374753
Thursday, November 30, 2023 8:41 AM IST
ഇരിട്ടി: കാട്ടാനകളെ തടയാൻ നാലു കിലോമീറ്ററിൽ തൂക്ക് വേലി നിർമിച്ച് ജനകീയ കൂട്ടായ്മ. പുതിയങ്ങാടി ഗ്രാമത്തെ കാട്ടാനകളിൽ നിന്നും രക്ഷിക്കാനായി കക്കുവ മുതൽ പരിപ്പുതോട് വരെ നാലു കിലോമീറ്റർ ദൂരത്തിലാണ് തൂക്കുവേലി നിർമിച്ചിരിക്കുന്നത്.
ആറു ലക്ഷം രൂപ ചെലവിലാണ് ആറളം പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡുകളിലെ മേഖലയിൽ സൗരോർജ തൂക്കുവേലി സ്ഥാപിച്ചത്. കെ.ടി. ജോസ് ചെയർമാനും ജോർജ് ആലാംപള്ളി കൺവീനറും എൻ. മുഹമ്മദ് ട്രഷററുമായ കമ്മിറ്റിയാണ് ജനകീയ പങ്കാളിത്തത്തോടെ തുക സമാഹരിച്ച് തൂക്കുവേലി യാഥാർഥ്യമാക്കിയത്. കാട് വെട്ടിത്തെളിക്കൽ ഉൾപ്പെടെ പരമാവധി പ്രവൃത്തികളും നാട്ടുകാരുടെ നേതൃത്വത്തിലാണ് നടത്തിയത്.
വേലി പൂർത്തിയായതോടെ പുതിയങ്ങാടി ഗ്രാമത്തിലെ 200 ഓളം കുടുംബങ്ങൾക്ക് ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ആറളം ഫാമിൽ നിന്നും എത്തുന്ന കാട്ടാനകളെ പേടിക്കാതെ ജീവിക്കാനാകുമെന്നാണു പ്രതീക്ഷ. മഠപ്പുരച്ചാൽ, കൊക്കോട്, പെരുമ്പഴശി, പാലപ്പുഴ ഗ്രാമങ്ങളിൽ നേരത്തേ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചു സോളർ തൂക്കുവേലി സ്ഥാപിച്ചതിനെ തുടർന്നുണ്ടായ കാട്ടാന പ്രതിരോധ വിജയം ആണു പുതിയങ്ങാടി മേഖലയിലെ ജനങ്ങൾക്കും പ്രചോദനമായത്.
കാട്ടാന ശല്യം വർധിച്ചതോടെ സെപ്റ്റംബറിൽ പുതിയങ്ങാടിയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ജനകീയ കമ്മിറ്റി രൂപീകരിച്ചു സോളർ തൂക്കുവേലി സ്ഥാപിക്കാൻ തീരുമാനിച്ചത്.തൂക്കുവേലിയുടെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമവും ഡിസംബർ മൂന്നിന് രാവിലെ 11ന് പുതിയങ്ങാടി മദ്രസ ഹാളിൽ സണ്ണി ജോസഫ് എംഎൽഎ നിർവഹിക്കും. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷത വഹിക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ തൂക്ക്വേലി നിർമാണത്തിന് നേതൃത്വം നൽകിയവരെ ആദരിക്കും. കണ്ണൂർ ഡിഎഫ്ഒ പി.കാർത്തിക് മുഖ്യാതിഥിയാകും.