വനംവകുപ്പിന്റെ അധികാരങ്ങൾ പോലീസിന് നൽകണം: ജോയി കൊന്നക്കൽ
1374748
Thursday, November 30, 2023 8:41 AM IST
കണ്ണൂർ: ഏത് നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊല്ലുമെന്ന ഭീതിയിലാണ് ജില്ലയിൽ വനാതിർത്തിയോടു ചേർന്നുള്ള ജനവാസ മേഖലകളിലെ ജനങ്ങൾ കഴിയുന്നതെന്നും ഇതിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകണമെന്നും കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്ന കാര്യത്തിൽ വനപാലകർ നിസഹായരാണ്. ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിനുള്ള യാതൊരുവിധ ആധുനിക സംവിധാനവും വനംവകുപ്പിനില്ല. നാട്ടിലിറങ്ങുന്ന വന്യമൃഗത്തെ കാടുകയറ്റുന്നതിൽ വലിയ കാലതാമസമാണ് നടപടിക്രമങ്ങളുടെ കാര്യത്തിൽ വനംവകുപ്പ് വരുത്തുന്നത്.
പാനൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയുടെ കാര്യത്തിൽ മണിക്കൂറുകളുടെ കാലതാമസമാണ് വനംവകുപ്പ് വരുത്തിയത്. വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ ജനങ്ങളുടെ സുരക്ഷയ്ക്കായി വനംവകുപ്പിന്റെ അധികാരങ്ങൾ പോലീസിനും നൽകണം. വാഹന സംബന്ധമായ വിഷയങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ അധികാരങ്ങൾ പോലീസിന് നൽകിയത് ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നതാണെന്നും ജോയി കൊന്നയ്ക്കൽ ചൂണ്ടിക്കാട്ടി.