കലാശാല യൂണിയൻ സാഹിത്യോത്സവം പാർട്ടി പരിപാടിയാക്കി മാറ്റി: കെഎസ്യു
1373865
Monday, November 27, 2023 4:17 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ നടത്തുന്ന സാഹിത്യോത്സവം പാർട്ടി പരിപാടിയാക്കി മാറ്റിയെന്ന് കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പ്രസ്താവനയിൽ പറഞ്ഞു. സിപിഎം സഹയാത്രികരായ എഴുത്തുകാരേയും മാധ്യമപ്രവർത്തകരേയും അധ്യാപകരേയുമാണ് ഭൂരിഭാഗം പരിപാടികളിലും പങ്കെടുപ്പിക്കുന്നത്. കണ്ണൂരിന്റെ വികസനത്തെക്കുറിച്ചുള്ള ചർച്ചയിൽ സിപിഎം ജനപ്രതിനിധികളെയാണ് വിളിച്ചത്.
കണ്ണൂരിന്റെ എംപിക്കോ മേയർക്കോ ക്ഷണമില്ല. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പി.കെ. ശ്രീമതി, എം. സ്വരാജ്, പി. ജയരാജൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, വി.പി.പി. മുസ്തഫ, മുൻമന്ത്രി സി. രവീന്ദ്രനാഥ്, എം.വി. ജയരാജൻ, ജെയ്ക് സി.തോമസ് തുടങ്ങിയ സിപിഎം നേതാക്കളുടെ നിര കണ്ടാൽ തന്നെ പരിപാടിയുടെ ഉദ്ദേശശുദ്ധി മനസിലാക്കാം.
കണ്ണിൽ പൊടിയിടാനായി മാത്രമാണ് ചുരുക്കം മറ്റു ചിലരെ വിളിച്ചത്. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കുണ്ടായ തിരിച്ചടിയിൽനിന്ന് കരയകയറുന്നതിനുള്ള പ്രകടനങ്ങളുടെ ഭാഗമാണിതെന്നും കെഎസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി ഫണ്ട് ഉപയോഗിച്ച് പാർട്ടി പരിപാടി നടത്തുന്ന യൂണിയൻ ഭാരവാഹികൾക്കും പാർട്ടി ഭാരവാഹികൾക്കും ഒത്താശ ചെയ്യുന്ന സമീപനമാണ് സർവകലാശാല അധികൃതർ നടത്തുന്നതെന്നും അതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും കെ എസ് യു അറിയിച്ചു.