വായാട്ടുപറമ്പ് ഫൊറോന; പുതിയ ദേവാലയത്തിന് ശിലയിട്ടു
1339891
Monday, October 2, 2023 1:22 AM IST
വായാട്ടുപറമ്പ്: മനുഷ്യഹൃദയങ്ങളിൽ ദേവാലയങ്ങൾ പണിത് കൂട്ടായ്മയുടെ ഒരു സമൂഹമായി രൂപപ്പെടുന്നിടത്താണ് ദേവാലയങ്ങൾക്ക് പ്രസക്തിയെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കുടിയേറ്റ മേഖലയിലെ പുരാതന ദേവാലയങ്ങളിലൊന്നായ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോനാ ഇടവകയ്ക്കു വേണ്ടി നിർമിക്കുന്ന പുതിയ പള്ളിയുടെ ശിലാസ്ഥാപനകർമം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലബാർ കുടിയേറ്റത്തിന്റെ ആദ്യ സ്ഥലങ്ങളിലൊന്നായ വായാട്ടുപറമ്പിൽ കുടിയേറ്റ ശതാബ്ദിയോടനുബന്ധിച്ച് ഒരു പുതിയ ദേവാലയത്തിന്റെ നിർമാണം പൂർത്തിയാക്കാനുള്ള ശ്രമം ശ്ലാഘനീയമാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. നോബിൾ ഓണംകുളം, ഫാ. ജോസ് പൂവന്നിക്കുന്നേൽ എന്നിവർ സഹകാർമികരായിരുന്നു. ഇടവക വികാരി ഫാ. തോമസ് തെങ്ങുംപള്ളി സ്വാഗതം പറഞ്ഞു. ഇടവക കോ-ഓർഡിനേറ്റർ മാത്യു പുത്തൻപുര, കൈക്കാരന്മാരായ ആന്റണി മഞ്ഞളാംകുന്നേൽ, ജേക്കബ് വളയത്ത്, ജോസ് വട്ടപ്പറമ്പിൽ, തോമസ് കണ്ണാമ്പടം, രാജു വരിക്കാംതൊട്ടിയിൽ, റോബി ചെല്ലങ്കോട്ട് , പാരിഷ്കൗൺസിൽ സെക്രട്ടറി ജയ്സൺ അട്ടാറിമാക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മൂന്നുവർഷം നീളുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപ പ്രയാണം ആർച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. ഇടവകയിൽനിന്നും നിർമിച്ചുനൽകുന്ന ആറാമത്തെ ഭവനത്തിന്റെ തറക്കല്ലും വെഞ്ചരിച്ചു. ഒരു കുടുംബത്തിന് വീട് നിർമിക്കാൻ സൗജന്യമായി നൽകുന്ന സ്ഥലത്തിന്റെ രേഖകളും ചടങ്ങിൽ ആർച്ച് ബിഷ്പ് കൈമാറി.