കോടിയേരി സ്മൃതിമണ്ഡപം അനാച്ഛാദനം ഇന്ന്
1339694
Sunday, October 1, 2023 7:22 AM IST
കണ്ണൂർ: സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമകൾക്ക് പയ്യാന്പലത്ത് നിർമിച്ച സ്മൃതിമണ്ഡപം ഒന്നാം ചരമവാർഷികദിനമായ ഇന്ന് അനാച്ഛാദനം ചെയ്യും. ചിരിച്ചുമാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്നേഹിയെ അടയാളപ്പെടുത്തുന്ന സ്തൂപം ശില്പി ഉണ്ണി കാനായിയാണ് ഒരുക്കിയത്. കണ്ണൂരും പോരാട്ടവും ചരിത്രവും ഇഴചേരുന്ന രീതിയിലാണ് സ്തൂപം നിർമിച്ചിരിക്കുന്നത്. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങൾക്കിടയിലാണ് കോടിയേരിയുടെ സ്മാരകം.
പാറിപ്പറക്കുന്ന ചെമ്പതാകയുടെ പശ്ചാത്തലത്തിൽ വാനിലുയർന്നുനിൽക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവും ഉൾപ്പെടുന്നതാണ് സ്തൂപം. 11 അടി ഉയരമുള്ള സ്തൂപം എട്ടടി വീതിയും നീളവുമുള്ള തറയിലാണ് ഒരുക്കിയത്. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റിൽ കൊത്തിയെടുത്തതാണ് കോടിയേരിയുടെ മുഖം.
ചരിത്രത്തെ ഓർമിപ്പിക്കുന്നതിന് സ്തൂപത്തിൽ അവിടവിടെയായി കണ്ണൂർ കോട്ടയുടെ ഭാഗങ്ങളുണ്ട്. സെറാമിക് ടൈലുകൾ ഉപയോഗിച്ചാണ് സ്തൂപത്തിന് നിറം നൽകിയത്. ടൈലുകൾ ചെറുകഷണങ്ങളാക്കി പതാകയ്ക്കും നക്ഷത്രങ്ങൾക്കും നിറം നൽകി. ഉപ്പുകാറ്റും വെയിലുമേറ്റ് നിറംമങ്ങുകയോ കേടാവുകയോ ചെയ്യില്ലെന്നതാണ് ഇത് ഉപയോഗിക്കാൻ കാരണം. ഒന്നര മാസമെടുത്താണ് സ്തൂപം തയാറാക്കിയത്.