ആതുരശുശ്രൂഷാരംഗത്ത് അമല ആശുപത്രിയുടെ സേവനം മാതൃകാപരം: സജീവ് ജോസഫ്
1339693
Sunday, October 1, 2023 7:22 AM IST
പയ്യാവൂര്‍: ഗ്രാമീണ മേഖലയുടെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് നിസ്തുലമാണെന്നും അത് പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നും ഇക്കാര്യത്തിൽ അമല ആശുപത്രിയുടെ സേവനം മാതൃകാപരമാണെന്നും സജീവ് ജോസഫ് എംഎല്‍എ.
ഇരിട്ടി അമല മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ രജത ജൂബിലിയുടെ ഭാഗമായി ഗ്രാമീണമേഖലയില്‍ നടപ്പിലാക്കുന്ന സ്പെഷാലിറ്റി ക്ലിനിക് ശൃംഖലയുടെ ആദ്യ സംരംഭം പയ്യാവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ അധ്യക്ഷത വഹിച്ചു. ഡോ. അന്നമ്മ മാത്യു, ഡോ. അമല മാത്യു, ഫാ. നോബിള്‍ ഓണംകുളം, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് തുരുത്തേല്‍, പയ്യാവൂര്‍ പഞ്ചായത്തംഗം രജനി സുന്ദരന്‍, പി.കെ. കുര്യന്, വി.പി. അബ്ദുള്‍ഖാദര്‍, എ.കെ. രാജന്, നാരായണന്, ജോസ് മണ്ഡപം, ഷാജു ജെയിംസ്, ജയരാജന്, പ്രഭാകരന് നായര്‍, മാതു കുന്നപ്പള്ളി, ഡോ. കെ. അമല്‍നാഥ് എന്നിവര്‍ പ്രസംഗിച്ചു.
അമല സ്പെഷാലിറ്റി ക്ലിനിക്കില്‍ വിദഗ്ധരായ വിസിറ്റിംഗ് ഡോക്ടര്‍മാരുടെ സേവനം, ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്, ഫാര്‍മസി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും താമസിയാതെ തന്നെ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.