പെട്രോൾ പന്പുടമകളുടെ പണിമുടക്ക് ജില്ലയിൽ പൂർണം
1339685
Sunday, October 1, 2023 6:57 AM IST
കണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പുടമകള്‍ ആഹ്വാനം ചെയ്ത് പണിമുടക്ക് സമരം പൂര്‍ണം. ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ആറുമുതല്‍ 24 മണിക്കൂറാണ് പണിമുടക്കിയത്.
കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും അനിയന്ത്രിതമായി തുടരുന്ന ഇന്ധനക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. പണിമുടക്കിനെ തുടര്‍ന്ന് ഇന്നലെ നഗരത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. ചില ബസുകളും സര്‍വിസ് ചുരുക്കി. ഒരാഴ്ച മുമ്പ് സമരം പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ പണിമുടക്കിന് മുമ്പുള്ള ദിവസങ്ങളില്‍ വാഹനത്തില്‍ ഇന്ധനം നിറച്ചിരുന്നു.
പണിമുടക്കിയ പമ്പുടമകള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ഡീലേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ടി.വി ജയദേവന് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി അബ്ദു റഹ്മാന്, എല്‍.എന്‍ പ്രഭു, മുരളി നായ്ക്, മൂസ ചെര്‍ക്കള, കെ.ഹരീന്ദ്രന്‍, കെ.വി. രാമചന്ദ്രന് എന്നിവർ പങ്കെടുത്തു.