കാട്ടിലേക്ക് തുരത്തിയ കാട്ടാനക്കൂട്ടം തിരിച്ചെത്തി
1339680
Sunday, October 1, 2023 6:57 AM IST
വഞ്ചിയം: വനാതിർത്തിയിൽ സോളർ വേലി സ്ഥാപിക്കുന്നതിന് മുന്പ് കാടിറങ്ങി നാട്ടിൽ കുടുങ്ങിയ കാട്ടാനകളെ വേലിക്കപ്പുറത്തേക്ക് കാട്ടിലേക്ക് തുരത്തിയ ആനകൾ തിരിച്ചെത്തി. ഏരുവേശി വഞ്ചിയം മേഖലയിലാണ് കാട്ടാനക്കൂട്ടം തിരിച്ചെത്തിയത്.
ഇവ വ്യാപകമായ തോതിൽ കൃഷിനാശം വരുത്തുകയാണ്. കർഷകരായ വഴുതനപ്പള്ളിചാക്കോ,മൂക്കൻമാക്കൽജോസ്, രാജു, ജോണി എന്നിവരുടെ പറമ്പുകളിലാണ് ആനകളുടെ താണ്ഡവം. തെങ്ങും വാഴയും റബറുമെല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു.
കഴിഞ്ഞ 25ന് പയ്യാവൂർ പഞ്ചായത്തിൽ നിന്നും രണ്ട് കുട്ടിയാനകളടക്കമുള്ള എട്ടംഗ കാട്ടാനക്കൂട്ടത്തെയായിരുന്നു വനംവകുപ്പ് കാട്ടിലേക്ക് തുരത്തിയത്. ഇവയിൽ അഞ്ചെണ്ണമാണ് തിരിച്ചെത്തിയത്.