പെരുംമഴയത്ത് കായികമേള നടത്തി
1339676
Sunday, October 1, 2023 6:57 AM IST
വയാട്ടുപറമ്പ്: ജില്ലയിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് ഉപജില്ല സ്കൂൾ കായികമേള നടത്തിയത് പെരുമഴയത്ത്. വായാട്ട്പറമ്പ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ തുടങ്ങിയതു മുതൽ അവസാനിക്കുന്നതുവരെ മഴയായിരുന്നു.
ജില്ലാകായിക മേളയുമായി ബന്ധപ്പെട്ട് മൂന്നിന് വൈകുന്നേരത്തിനകം ഉപജില്ലാകായിക മേള വിജയികളുടെ പേരുകൾ എത്തിക്കണമെന്ന് നിർദേശമുള്ളതിനാൽ കായിക മേള മാറ്റിവെക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. അഞ്ച് , ആറ്, ഏഴ് തിയതികളിൽ തലശേരിൽ വച്ചാണ് ജില്ലാകായിക മേള. ഇതിന് പുറമെ ഒക്ടോബർ ഒൻപത് മുതൽ 13 വരെ ഹയർസെക്കൻഡറി ഇംപ്രൂമെന്റ് പരീക്ഷകളും നടക്കുന്നുണ്ട്. ഇതിന് ശേഷം നവംബർ 16 മുതൽ 18 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വിദ്യാർഥികളെ ഒരുക്കുക എന്നതും വെല്ലുവിളിയാണ്.