തലപ്പുഴയിലെ മാവോയിസ്റ്റ് ആക്രമണം: മലയോരത്ത് സുരക്ഷ കർശനമാക്കി
1339394
Saturday, September 30, 2023 1:45 AM IST
ഇരിട്ടി: വയനാട് തലപ്പുഴയിലെ വനം വകുപ്പ് ഓഫീസിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആറളം,അയ്യൻകുന്ന്, കൊട്ടിയൂർ മേഖലകളിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. രണ്ട് മാസത്തിനിടെ ആറളം, കീഴ്പള്ളി, കൊട്ടിയൂർ മേഖലയിൽ നിരവധി തവണ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.
വാളത്തോട്, വിയറ്റ്നാം ഉൾപ്പെടെയുള്ള ചെറുടൗണുകളിൽ സംഘം ആയുധങ്ങളുമായി എത്തി പ്രകടനം നടത്തുകയും ആറളം ഫാമിലെ ആദിവാസികളുടെയും തൊഴിലാളികളുടെയും പ്രശ്നം ഉയർത്തി പോസ്റ്റർ പതിക്കുകയും ചെയ്തു. സംഘത്തിൽ 11 അംഗങ്ങൾ ഉണ്ടെന്നാണ് സംശയിക്കുന്നത്. ഇവർ രണ്ട് സംഘമായാണ് വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നത്. കഴിഞ്ഞ മാസം കീഴ്പള്ളി വിയറ്റ്നാമിൽ എത്തിയ മാവോയിസ്റ്റ് സംഘത്തിൽ 11 പേർ ഉണ്ടായിരുന്നു. സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ജിഷ, രമേശ്, സന്തോഷ്, സോമൻ എന്നിവർക്ക് പുറമെ അന്ധ്ര സ്വദേശിനി കവിത, വിക്രംഗൗഡ, മനോജ്, സുരേഷ് എന്നിവരെയും പോലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും രണ്ടുപേരെക്കുറിച്ച് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.
17 മാവോയിസ്റ്റുകളുടെ
ചിത്രം പുറത്തുവിട്ടു
മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ 17 മാവോയിസ്റ്റുകളുടെ പേരും ചിത്രങ്ങളും കീഴടങ്ങൽ ഉപാധിയും വെളിപ്പെടുത്തുന്ന പോസ്റ്ററുകൾ പുറത്തുവിട്ട് പോലീസ്. ആയുധംവച്ച് കീഴടങ്ങുന്ന വ്യക്തിക്ക് അഞ്ചുലക്ഷം വരെ ധനസഹായവും പഠന സൗകര്യങ്ങളും തൊഴിൽ അഭ്യസിക്കുന്നതിനുള്ള സാഹചര്യവും കേസുകൾ ഉൾപ്പെടെ മറ്റ് സാഹചര്യങ്ങൾക്കുള്ള നിയമസഹായവുമാണ് പോലീസിന്റെ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്നുദിവസം മുന്പാണ് എടപ്പുഴ വാളത്തോട്, വിയറ്റ്നാം തുടങ്ങിയ മേഖലകളിലെ കടകളിലും മറ്റുമായി പൊതുജനങ്ങൾ കാണത്തക്ക രീതിയിൽ പോലീസ് പോസ്റ്ററുകൾ പതിച്ചത്. സഞ്ജയ് ദീപക് റാവു, സി.പി. മൊയ്തീൻ, സോമൻ, കവിത, സുന്ദരി തുടങ്ങി 17 മാവോയിസ്റ്റുകളുടെ ഫോട്ടോ ഉൾപ്പെടെയുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
തുടർസാന്നിധ്യമായി
കബനി ദളം
കബനിദളം സംഘമാണു സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ മലയോര മേഖലയിലെ ചെറിയ ടൗണുകളിൽ എത്തുന്നത്. മലയോര ഗ്രാമങ്ങളിൽ തുടരെയുള്ള സാന്നിധ്യവും വയനാട്ടിലെ ആക്രമണവും ഗൗരവത്തിലെടുത്താണ് പോലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞമാസം ആറളം പരിപ്പ് തോട് വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിൽ എത്തിയ മാവോയിസ്റ്റ് സംഘം വനംവകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവം വകുപ്പ് രഹസ്യമാക്കി വച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർക്കിടയിലെ വാട്സ് ആപ്പ് സംഭാഷണം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡും പരിശോധന നടത്തുന്നതിനിടയിലാണ് വയനാട്ടിലെ ആക്രമണം.
ചുവപ്പ് ഇടനാഴി എന്നപേരിൽ അന്ധ്രയിൽ നിന്ന് കർണാടക ബർണാനി വനപ്രദേശം വഴി വയനാട്, ആറളം , കൊട്ടിയൂർ, അയ്യൻകുന്ന് വനമേഖലയിലേക്കും ജനവാസ മേഖലയിലേക്കും പ്രവേശിക്കാനുള്ള സാധ്യത ഏറെയുണ്ടെന്ന് രഹസ്യാന്വോഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.
പുതിയ സാഹചര്യത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിൽ തണ്ടർബോൾട്ടിന്റെ ഉൾപ്പെടെയുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ഇരിട്ടി എഎസ്പി തപോഷ് ബസുമതാരി പറഞ്ഞു