കുറ്റക്കാർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: ദേവസ്യ മേച്ചേരി
1339388
Saturday, September 30, 2023 1:32 AM IST
കണ്ണൂർ: കോട്ടയം കുടമാളൂരിൽ കർണാടക ബാങ്ക് അധികൃതരുടെ കടുത്ത മാനസിക പീഡനം മൂലം വ്യാപാരിയായിരുന്ന കെ.സി. ബിനു ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ ഉത്തരവാദികളായ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി.
ബിനുവിനെ മാനസികമായി പീഡിപ്പിച്ച കർണാടക ബാങ്ക് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കർണാടക ബാങ്ക് കണ്ണൂർ ശാഖക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ എത്തിക്കുന്നത് വരെ ഏകോപന സമിതി സമരവുമായി മുന്നോട്ട് പോവുമെന്ന് ദേവസ്യ മേച്ചേരി പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്ത് അധ്യക്ഷത വഹിച്ചു. എം.ആർ. നൗഷാദ്, റിയാസ് തളിപ്പറമ്പ്, ജോർജ് തോണിക്കൽ, സി.കെ. സതീശൻ, താജ് ജേക്കബ്, കെ.വി. സലീം, കെ.പി. അയൂബ് എന്നിവർ പ്രസംഗിച്ചു.