കുടിയാന്മലയിൽ വൈദ്യുത ടവർ : നിർമാണ പ്രവൃത്തി എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു
1339110
Friday, September 29, 2023 12:48 AM IST
കുടിയാന്മല: കർഷകന്റെ ഭൂമിയിൽ കെഎസ്ഇബിയുടെ ടവർ നിർമാണം സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. നിർദിഷ്ട കരിന്തളം-വയനാട് 400 കെവി വൈദ്യുത ലൈനിന്റെ ഭാഗമായി കുടിയാന്മല പള്ളിക്കുന്നിലെ കൃഷിഭൂമിയിൽ ആരംഭിച്ച ടവർ നിർമാണ പ്രവൃത്തിയാണു നിർത്തിവയ്പിച്ചത്. ലൈൻ കടന്നു പോകുന്നയിടങ്ങളിലെ സ്ഥലമുടമകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിൽ തീരുമാനമാകും മുമ്പേ നിർമാണ പ്രവൃത്തി തുടങ്ങിയതാണു പ്രതിഷേധത്തിനു കാരണമായത്.
കെഎസ്ഇബി ഏകപക്ഷീയമായി നിശ്ചയിച്ച നഷ്ടപരിഹാരത്തുക കൃഷിഭൂമിയുടെ ഉടമകൾക്ക് സ്വീകാര്യമാകാത്തതിനാൽ ഇതുസംബന്ധിച്ച ചർച്ചകൾ വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എംഎൽഎമാർ കണ്ണൂരിലും പ്രാദേശിക ജനപ്രതിനിധികൾ ഇരിട്ടിയിലും യോഗം ചേർന്ന് സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കും വരെ ഇതുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികളൊന്നും നടത്താൻ പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
ഈ തീരുമാനത്തിന് പുല്ലുവില കല്പിച്ചാണ് കഴിഞ്ഞ ദിവസം കുടിയാന്മലയിലെ മുണ്ടയ്ക്കൽ കുര്യാക്കോസിന്റെ കൃഷിയിടത്തിൽ അതിക്രമിച്ചുകയറി കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറും കരാറുകാരായ എൽ ആൻഡ് ടി കമ്പനി ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് മരങ്ങളും വിളകളും മുറിച്ചുമാറ്റി ഭൂമി കുഴിച്ച് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. ഇന്നലെ രാവിലെ വിവരമറിഞ്ഞെത്തിയ സജീവ് ജോസഫ് എംഎൽഎയും സംഘവും പ്രവൃത്തി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയാണുണ്ടായത്.
കർഷകർക്ക് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കും വരെ യാതൊരു പ്രവൃത്തികളും നടത്താൻ അനുവദിക്കില്ലെന്നും എംഎൽഎ പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രമടക്കമുള്ള നിർമാണ സാമഗ്രികൾ നീക്കം ചെയ്യിക്കുകയും ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അവിടെ നിന്ന് ഇറക്കി വിടുകയും ചെയ്തു. യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി.ടി. മാത്യു, ടോമി കുമ്പിടിമാക്കൽ, വാർഡംഗം അലക്സ് ചുനയംമാക്കൽ, ഏരുവേശി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോസഫ് ഐസക്ക് എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.