ചന്ദന മോഷണം വ്യാപകം; പ്രതികൾ കാണാമറയത്ത്
1338904
Thursday, September 28, 2023 1:16 AM IST
തളിപ്പറമ്പ്: ചന്തപ്പുര ചെറുവിച്ചേരിയിൽനിന്ന് രണ്ട് ചന്ദന മരങ്ങൾ മുറിച്ചു കടത്തി. ചൊവ്വാഴ്ച്ച അർധരാത്രിയോടെ ചെറുവിച്ചേരി സ്വദേശി പി.കെ. കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് ചന്ദന മരങ്ങൾ മോഷണം പോയത്.
മുറിച്ചു കടത്തുന്നതിനിടെ ചന്ദനമരത്തിന്റെ കഷണങ്ങൾ റോഡരികിൽ വീണ് കിടപ്പുണ്ട്. ഉടമസ്ഥൻ പയ്യന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകി.
കുറച്ച് ദിവസം മുന്പ് കരിമ്പം ഫാമിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയിരുന്നു. ഫാമിന്റെ കാരത്തംപാറ ബ്ലോക്കിലായിരുന്നു മോഷണം നടന്നത്. പുതിയതായി നിർമിക്കുന്ന പോളിഹൗസിന് സമീപത്തുള്ള ചന്ദനമരമാണ് മുറിച്ചു കടത്തിയത്. ഞായർ അവധി കഴിഞ്ഞ് പിറ്റേദിവസം രാവിലെ തൊഴിലാളികൾ എത്തിയപ്പോഴാണ് മുറിച്ച് കടത്തിയ ചന്ദനമരത്തിന്റെ അവശിഷ്ടം കണ്ടത്.
കനത്ത സുരക്ഷയുള്ള മാങ്ങാട്ട്പറമ്പ് കെഎപി ക്യാമ്പ് പറമ്പിൽ നിന്ന് ചന്ദനമരം മോഷണം പോയിരുന്നു. സർദാർ പട്ടേൽ ഗ്രൗണ്ടിന്റെ പിറകുവശത്തുള്ള വോളിബോൾ കോർട്ടിന് മുന്നിലുള്ള ചന്ദനമരമാണ് മുറിച്ചുകടത്തിയത്. കെഎപി ക്യാമ്പിനോടനുബന്ധിച്ച് കണ്ണൂർ റൂറൽ എസ്പിയുടെ ഓഫീസും പ്രവർത്തിക്കുന്നതിനടുത്തായിരുന്നു മോഷണം.
കഴിഞ്ഞവർഷം എ.പി. ആശുപത്രിക്ക് മുന്നിലുള്ള സ്ഥലത്ത് ഒഴക്രോം റോഡിന് സമീപം കെഎപി കോമ്പൗണ്ടിലെ മരവും മോഷണം പോയിരുന്നു. ആ കേസിലെ പ്രതികളെ പോലും ഇനിയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും ചന്ദനം മോഷണം തുടർക്കഥയാകുന്നത്.