നികുതി അടയ്ക്കുന്നത് നിർത്തുന്നു
1338902
Thursday, September 28, 2023 1:16 AM IST
1988 ൽ ആറളം വില്ലേജ് ഓഫീസർ തലശേരി തഹസിൽദാർക്ക് സമർപ്പിച്ച മിച്ചഭൂമി സംബന്ധിച്ച അടിസ്ഥാന രഹിത റിപ്പോർട്ടാണ് ഇന്നും മിച്ചഭൂമി ഏറ്റെടുക്കാൻ കഴിയാത്ത നിയമക്കുരുക്കിലേക്ക് നീങ്ങാൻ കാരണം. മിച്ചഭൂമി പ്രശ്നം നിലനിൽക്കുന്നതുകൊണ്ട് 2000 ത്തിൽ പട്ടയഭൂമി അടക്കം 123 ലെ നികുതി എടുക്കുന്നത് തഹസിൽദാർ നിർത്തിവച്ചു. മിച്ചഭൂമി ഏറ്റെടുക്കാൻ വന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വ്യാജ റിപ്പോർട്ട് സമർപ്പിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം.
124 ൽ സ്വീകരിച്ച നടപടി ക്രമങ്ങൾ ഒന്നും 123 ൽ പാലിച്ചില്ലെന്നും രേഖാമൂലം ആരെയും അറിയിക്കുകയോ രേഖകൾ പരിശോധിക്കുകയോ ചെയ്യാതെയാണ് വില്ലേജ് ഓഫീസർ റിപ്പോർട്ട് തയാറാക്കിയതെന്നും പറയുന്നു. ഇതാണ് ഇന്ന് സാധാരണ കൂലിത്തൊഴിലാളികളായ നിരവധി കുടുംബങ്ങളെ നിയമ യുദ്ധത്തിലേക്ക് നയിച്ചത്. നികുതിയടയ്ക്കാൻ കഴിയാതെ വന്നതോടെ ബാങ്ക് ലോണുകളടക്കം അടച്ച് പുതിയ ലോൺ എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. ഇപ്പോൾ നികുതി സ്വീകരിച്ചുതുടങ്ങിയെങ്കിലും മിച്ചഭൂമി പ്രശ്നത്തിന് തീർപ്പുവരുത്താതെ ഈ സർവേ നമ്പറിലെ ഭൂമി ഈടുനൽകി ലോൺ എടുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല.
123 ലെ പട്ടയഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തുവെന്ന് പറയുമ്പോഴും മിച്ചഭൂമി ഏറ്റെടുക്കുമ്പോൾ ചെയ്യുന്ന നടപടിക്രമങ്ങൾ ഒന്നും പൂർത്തിയാക്കിയിട്ടില്ല.124 ൽ തയാറാക്കിയതു പോലുള്ള മഹസർ 123 ൽ തയാറാക്കിയിട്ടില്ല.
2000 ത്തിൽ യാതൊരു അറിയിപ്പും നൽകാതെയായിരുന്നു നികുതി സ്വീകരിക്കൽ നിർത്തിയത്. വീണ്ടും സർക്കാർ ഉത്തരവ് പ്രകാരം (10304-5 ) 2005-06 രണ്ട് വർഷം നികുതി സ്വീകരിച്ചെങ്കിലും മിച്ചഭൂമി പ്രശ്നം ഉന്നയിച്ചു നിർത്തിവയ്ക്കുകയുമായിരുന്നു. 2022 ഓടുകൂടി നികുതി സ്വീകരിക്കുന്നത് പുനഃസ്ഥാപിച്ചെങ്കിലും മറ്റു നടപടികൾ ഒന്നും പൂർത്തിയാകാത്തതിനാൽ ജനം ത്രിശങ്കുവിൽ തുടരുകയാണ്.
മിച്ചഭൂമി അളന്ന് തിട്ടപ്പെടുത്തൽ
83 പേര് ഒപ്പിട്ട പരാതി 2008 ൽ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ജില്ലാ കളക്ടർക്കും നൽകി. അതുപ്രകാരം 123, 124 നമ്പറിലെ മിച്ചഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവ് ഇറങ്ങി. തലശേരി തഹസിൽദാർ സി. മുരളീധരൻ 2010 ൽ 60 ൽ പരം രേഖകൾ പരിശോധിച്ചു റിപ്പോർട്ട് നൽകി.
റഫറൻസ് ഡി 2 3903\10 പ്രകാരം 31-7-2010ൽ ജില്ലാ കളക്ടർക്കും റവന്യു ഡിവിഷൻ ഓഫീസർക്കും സമർപ്പിച്ച റിപ്പോർട്ടിൽ മിച്ചഭൂമി സൂസമ്മ മാത്യു അവസാനം വിറ്റ 20 ഏക്കർ സ്ഥലത്താണെന്ന് റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് വിവരാവകാശ രേഖ പ്രകാരം പറയുന്നത്. തുടർന്ന് 4-8-2010 ൽ ഭൂമി അളന്ന് തിരിച്ചെടുക്കാനും ഭൂമി കൈവശം വച്ചുവന്നവർക്ക് കെഎൽആർ 96 പ്രകാരം അളന്നു തിട്ടപ്പെടുത്തി കൊടുക്കാനും ചുമതലപ്പെടുത്തി.
എന്നാൽ, വീണ്ടും 2014 ലെ വിവരാവകാശ രേഖപ്രകാരം 123 ലെ കൈവശക്കാരുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയോ രേഖകൾ പരിശോധിക്കുകയോ ചെയ്തിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. 26- 11- 10 ൽ സ്പെഷൽ വില്ലേജ് ഓഫീസർ സ്ഥലത്തു പ്രവേശിച്ചു എന്ന് രേഖപ്പെടുത്തുമ്പോൾ ഓഫീസിലെ മൂവ്മെന്റ് രജിസ്റ്ററിൽ ഇതു രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു.
രേഖ തിരുത്തൽ വിവാദവും ശിക്ഷയും
കണ്ണൂർ ഡപ്യൂട്ടി കളക്ടർക്ക് സ്പെഷൽ തഹസിൽദാർ സി. എം. മുരളീധരൻ പ്രസ്തുത വിഷയത്തിൽ കൈമാറിയ 23- 7-12 ലെ സ്റ്റേറ്റ്മെന്റ് 25- 10- 12 ൽ വിവരാവകാശ രേഖപ്രകാരം ലഭിച്ച വിവരങ്ങളും (റഫ.ബി 1 51265- 12) അതേ സ്റ്റേറ്റ്മെന്റിൽ 2014 ൽ ലഭിച്ച വിവരാവകാശ രേഖ പ്രകാരമുള്ള (റഫ. ബി 1 52495-14 ) വിവരങ്ങളും പരിശോധിച്ചപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കണ്ണൂർ കളക്ടറേറ്റിലെ ജോലിയിൽ നിന്നും വിടുതൽ ലഭിച്ച ശേഷം വന്ന് അവസാന പേജിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്.
പ്രസ്തുത ഉദ്യോഗസ്ഥന് എതിരെ നൽകിയ പരാതി പ്രകാരം അസി. കളക്ടറും, തുടർന്ന് കോഴിക്കോട് വിജിലൻസ് ഡപ്യൂട്ടി കളക്ടർ 3- 8- 18 നടത്തിയ അന്വേഷണത്തിൽ 463, 464 ക്രിമിനൽ ചട്ടപ്രകാരം കുറ്റക്കാരൻ ആണെന്ന് റിപ്പോർട്ട് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഉദ്യോഗസ്ഥരായ രാമചന്ദ്രൻ (ഡപ്യൂട്ടി കളക്ടർ എൽ ആർ), മാത്യു ( ഡെപ്യൂട്ടി കളക്ടർ ജനറൽ ) എന്നിവരെ ഗവർണറുടെ ഉത്തരവ് പ്രകാരം (ജി ഒ ആർ ടി ന.2340- 2022-ആർഡി )ശിക്ഷിച്ചു. പെൻഷൻ തുകയിൽ നിന്നും ആജീവനാന്തം 1000 രൂപ പിടിക്കുവാനായിരുന്നു വിധി. എന്നാൽ , അപ്പീൽ നൽകിയതിലൂടെ ഇത് പിന്നീട് 500 രൂപയാക്കി കുറച്ചു. ഈ രേഖകൾ എല്ലാം തെളിയിക്കുന്നത് വകുപ്പ് ഉദ്യോഗസ്ഥർ പല കാലയളവിൽ മിച്ചഭൂമി വിഷയത്തിൽ നടത്തിയിരിക്കുന്ന വഴിവിട്ട ഇടപെടലുകൾ ആണ്.
ഹൈക്കോടതി ഉത്തരവ്
ഡബ്ല്യു പി സി 9225- 11 ലെ 27-11- 76 ലെ ഉത്തരവ് പ്രകാരം കുറ്റക്കാരായി കണ്ടെത്തിയ ഡപ്യൂട്ടി കളക്ടർമാരെ ശിക്ഷിക്കാനും പ്രശ്നപരിഹാരത്തിന് ആറുമാസത്തിനകം തീർപ്പുകൽപ്പിക്കാനും ഉത്തരവായിരുന്നു.
എന്നാൽ, താലൂക്ക് ലാൻഡ് ബോർഡിലെ ഓഥറൈസ്ഡ് ഓഫീസർ പരാതിക്കാർ സമർപ്പിച്ച രേഖകൾക്കും തെളിവുകൾക്കും സ്റ്റേറ്റ്മെന്റിനും വിരുദ്ധമായ റിപ്പോർട്ട് നൽകിയെന്നാണ് താമസക്കാരുടെ ആരോപണം. ഇതുമായി പരാതിക്കാർ നൽകിയ രേഖകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പൂഴ്ത്തിവച്ചതുകൊണ്ട് ലാൻഡ് ബോർഡ് വർഷങ്ങളായി കേസ് തീരുമാനമെടുക്കാതെ കിടക്കുന്നതിനെതിരേ കോടതിയലക്ഷ്യത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് പരാതിക്കാർ.