കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 81 ലക്ഷത്തിന്റെ സ്വർണം പിടികൂടി
1338885
Thursday, September 28, 2023 12:50 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി 81 ലക്ഷം രൂപ വിലവരുന്ന 1369 ഗ്രാം സ്വർണം പിടികൂടി. കാസർഗോഡ് പള്ളിക്കര സ്വദേശി കുഞ്ഞബ്ദുള്ള, താമരശേരിയിലെ റിഷാദ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇന്നലെ രാവിലെ ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കുഞ്ഞബ്ദുള്ളയിൽ നിന്ന്
38.39 ലക്ഷം വരുന്ന 649 ഗ്രാം സ്വർണമാണ് പിടികൂടിയത്. യാത്രികന്റെ ബാഗേജുകളിലുണ്ടായിരുന്ന രണ്ട് എമർജൻസി ലാമ്പുകളിലാണ് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ചൊവ്വാഴ്ച്ച രാത്രി ബഹ്റിനിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രികനായ താമരശേരി സ്വദേശി റിഷാദിൽ നിന്നാണ് 42 ലക്ഷം രൂപ വരുന്ന 720 ഗ്രാം സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലാ യിരുന്നു. കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സുപ്രണ്ടുമാരായ ദീപക് കുമാർ, സുമിത് കുമാർ, ഇൻസ്പെക്ടർമാരായ അനുപമ, സിലേഷ്, രവിചന്ദ്ര, രവിരഞ്ജൻ ഹവിൽദാർമാരായ ഗിരീഷ്ബാബു, കൃഷ്ണവേണി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.