നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍നിന്ന് 15 ലക്ഷത്തിന്റെ സാധനങ്ങള്‍ കവര്‍ന്നു
1338884
Thursday, September 28, 2023 12:50 AM IST
തളിപ്പറമ്പ്: ധർമശാലയിൽ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടല്‍ കെട്ടിടത്തില്‍ സ്ഥാപിച്ച എസി തകര്‍ത്ത് ചെമ്പുകമ്പികളും വയറിംഗ് സാധനങ്ങളുമടക്കം 15 ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ കവർന്നതായി പരാതി.
കണ്ണൂര്‍ ബ്ലൂനൈല്‍ ഹോട്ടലുടമ വി. രവീന്ദ്രന്റെ ഉടമസ്ഥതയില്‍ ആന്തൂര്‍ ധര്‍മശാലയില്‍ നിര്‍മാണം നടന്നുവരുന്ന ഹോട്ടലിനകത്തെ സാധനങ്ങളാണ് കവര്‍ച്ച ചെയ്തത്.
പിന്‍വശത്തെ തുറന്നുകിടക്കുന്ന ജനല്‍ വഴിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് സംശയിക്കുന്നു. ഈ മാസം 10 നും 24 നും ഇടയിലുള്ള ദിവസമായിരിക്കാം കവര്‍ച്ചയെന്ന് സൂപ്പര്‍വൈസര്‍ ചുഴലിയിലെ എന്‍.ഷാജു തളിപ്പറമ്പ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ചെറുതും വലുതുമായ 20 എസികൾ തകർത്ത് അതിനകത്തെ പാർട്സുകളും കവര്‍ന്നിട്ടുണ്ട്. കൂടാതെ മുഴുവന്‍ വയറിംഗുകളും നശിപ്പിച്ച് അതിലെ ചെമ്പുകമ്പികളും അപഹരിച്ചു. സംഭവത്തിന് പിന്നിൽ ആക്രിസാധനങ്ങള്‍ വില്പന നടത്തുന്നവരാണെന്ന സംശയത്തിലാണ് പോലീസ്. ഈ ഭാഗത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.