വന്ദേഭാരതിന് തലശേരിയിലും പയ്യന്നൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന്
1338881
Thursday, September 28, 2023 12:50 AM IST
കണ്ണൂർ: വന്ദേഭാരത് ട്രെയിനിന് തലശേരിയില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കി. തലശേരി കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ കാസര്‍ഗോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമാണ്.
തലശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ഈ രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്നത് കണക്കിലെടുത്താണ് കാസര്‍ഗോഡ് നിന്നുള്ള വന്ദേഭാരത് ട്രെയിനിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയത്.
പയ്യന്നൂർ: പയ്യന്നൂരിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയതായി ടി.ഐ. മധുസൂദനൻ എംഎൽഎ അറിയിച്ചു. കണ്ണൂർ-കാസർഗോഡ് അതിർത്തി പ്രദേശവും രാജ്യത്തു തന്നെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള നഗരവുമാണ് പയ്യന്നൂർ. രണ്ടു ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് നാൽപ്പത് കിലോമീറ്ററിലധികം ദൂരവുമുണ്ട്. കണ്ണൂർ കഴിഞ്ഞാൽ ജില്ലയിൽ വരുമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സ്റ്റേഷനുമാണ് പയ്യന്നുർ.
ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളും, നിരവധി ആരാധനാലയങ്ങളും, കവ്വായി, തിരുനെറ്റി കല്ല്, കേരളത്തിലെ ഏക റാഫ്റ്റിംഗ് കേന്ദ്രമായ ചെറുപുഴ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും പയ്യന്നൂരിന്റ സമീപങ്ങളിലായുണ്ട്. വന്ദേഭാരതിന് സ്റ്റോപ്പ് ലഭിക്കുകയാണെങ്കിൽ ഇത്തരം കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് വഴിതുറക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.