വഴിത്തർക്കത്തെ തുടർന്ന് കൂട്ടയടി; എട്ട് പേർക്ക് പരിക്കേറ്റു
1338451
Tuesday, September 26, 2023 1:25 AM IST
ചെറുപുഴ: പ്രാപ്പോയിൽ ഈസ്റ്റിൽ വഴിയെച്ചൊല്ലി ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. അടിപിടിയിൽ പരിക്കേറ്റ പടിഞ്ഞാറ്റയിൽ ദേവകി (72), മകൾ ഉഷാ (45), പി.പി. ബാലകൃഷ്ണൻ (54) എന്നിവരെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലും പാലയ്ക്കാമണ്ണിൽ ചാക്കോ (70), ചാക്കോയുടെ മകന്റെ ഭാര്യ റോമിയോ (37), റോഡ് നിർമാണ പ്രവൃത്തിക്ക് എത്തിയ ഡെന്നി വെളിയത്ത് (56), രാജു തോണക്കര (52), സിന്ധു (38) എന്നിവരെ ചെറുപുഴ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടിലേക്കുള്ള വഴി തടസപ്പെടുത്താനുള്ള ശ്രമം എതിർത്തിനെ തുടർന്ന് ഒരു സംഘം ആളുകൾ ചേർന്നു തന്നെയും മാതാവിനെയും മർദിക്കുകയായിരുന്നുവെന്ന് ഉഷ പറഞ്ഞു. സ്ത്രീകളെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ സംഘം തന്നെയും ആക്രമിക്കുയായിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലകൃഷ്ണനും പറഞ്ഞു. ബാലകൃഷ്ണന്റെ കൈയ്ക്ക് പൊട്ടലുണ്ട്.
എന്നാൽ മകൻ വിനോദ് പുതുതായി നിർമിക്കുന്ന വീട്ടിലേക്കുള്ള വഴിയുടെ പണി നടക്കുന്നതിനിടെ തന്നെയും മരുമകളെയും പണിക്കാരെയും മുളക് പൊടി കലക്കിയ വെള്ളം, വടി, കത്തി, കല്ല് തുടങ്ങിയവ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് ചാക്കോ നൽകിയ പരാതിയിൽ പറയുന്നത്. വിനോദിന്റെ പുരയിടത്തിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അതിക്രമിച്ച് കയറി പണി തടസപ്പെടുത്തുകയും ചാക്കോയെ അടിച്ചു വീഴ്ത്തിയെന്നും പരാതിയിൽ പറയുന്നു.