കാട്ടാനകളെ തുരത്തുന്ന പ്രത്യേക ദൗത്യത്തിന് പയ്യാവൂരിൽ തുടക്കം
1338447
Tuesday, September 26, 2023 1:23 AM IST
ആടാംപാറ: സൗരതൂക്കുവേലി സ്ഥാപിച്ചിട്ടും ശല്യം തുടരുന്ന സാഹചര്യത്തിൽ പയ്യാവൂരിലെ കാട്ടാനകളെ മുഴുവൻ കാട്ടിലേക്ക് തുരത്തുന്നതിന് വനം വകുപ്പ് നടത്തുന്ന പ്രത്യേക ദൗത്യത്തിന് പയ്യാവൂരിൽ തുടക്കമായി. ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെ നിർദേശാനുസരണം കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ വനം വകുപ്പിന്റെ വിദഗ്ധരായ 70 ഉദ്യോഗസ്ഥരാണ് ആനകളെ കാട് കയറ്റുന്ന ദൗത്യ സംഘത്തിലുള്ളത്. രണ്ട് കുട്ടിയടക്കം 13 ആനകളാണ് ഈ മേഖലയിൽ തന്പടിച്ചിരിക്കുന്നത്. ആടാംപാറയിൽ നിന്നു മതിലേരിതട്ട് വഴി കുട്ടിആനകളടക്കം നാലെണ്ണത്തിനെ ഇന്നലെ രാത്രിയോടെ തൂക്കുവേലി കടത്തി കർണാടക വനത്തിലേക്ക് തുരത്തി. ഇന്ന് രാവിലെ വീണ്ടും ദൗത്യം തുടരും. പടക്കം പൊട്ടിച്ചും വടംകെട്ടി തിരിച്ചും മറ്റുമാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയക്കുന്നത്. സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ പലയിടത്തും കാട് വെട്ടിതെളിക്കാത്തത് ദൗത്യത്തിന് തടസമാകുന്നുണ്ട്. ഇത്തരത്തിലുള്ള കാടിനുളളിലാണ് ആനകൾ ഒളിച്ചു കഴിയുന്നത്. ഇത്തരത്തിലുള്ള കാട് വെട്ടിതെളിക്കാൻ കളക്ടർ ഇടപെടണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. ചന്ദനക്കാംപാറ, പാടാംകവല, കാഞ്ഞിരക്കൊല്ലി ഭാഗത്തുമുള്ള ഇത്തരം കാടുകൾ ഇളക്കിയുള്ള ദൗത്യം ഇന്നും നാളെയും തുടരും. കണ്ണൂർ ഡിഎഫ്ഒ പി. കാർത്തിക്, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ തളിപ്പറമ്പിലെ പി.രതീശൻ, കണ്ണവത്തെ അഖിൽ,കൊട്ടിയൂരിലെ സുധീർ നാരോത്ത്, കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡിലെ കെ.വി.ജയപ്രകാശ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജുസേവ്യർ എന്നിവരടങ്ങുന്ന സംഘം മൂന്നു ദിവസങ്ങളിലായി സ്ഥലത്ത് ക്യാന്പ് ചെയ്ത് ദൗത്യസംഘത്തിന് ആവശ്യമായ നിർദേശം നൽകും.
28 ന് രാവിലെ വരെ നടക്കുന്ന കാട്ടാനകളെ തുരത്തൽ ദൗത്യത്തിന് നാട്ടുകാരുടെ സേവനവും സഹകരണവും ലഭിക്കുന്നുണ്ടെന്ന് സാജു സേവ്യർ പറഞ്ഞു. വന്യമൃഗശല്യമുള്ള സ്ഥലം എന്ന നിലയിൽ പാടാംകവല വനംവകുപ്പ് ഓഫീസിൽ പുതിയ വാഹനം അനുവദിച്ചിട്ടുണ്ട്. ഐസിഐസി ബാങ്കിന്റെ ചാരിറ്റി ഫണ്ട് ഉപയോഗിച്ചാണ് വാഹനം ലഭ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.