വന്യജീവി വാരാഘോഷ പ്രതിജ്ഞ തിരുത്തണം: കർഷക കോൺഗ്രസ്
1338446
Tuesday, September 26, 2023 1:23 AM IST
കണ്ണൂർ: ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ നടത്തുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കുമായി സർക്കാർ നൽകിയിരിക്കുന്ന പ്രതിജ്ഞ വാചകങ്ങൾ തിരുത്തണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. സാബൂസ് ഉദ്ഘാടനം ചെയ്തു.
വന്യജീവികളെ വനത്തിനുള്ളിൽ പാർപ്പിക്കണമെന്നും നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്നത് തടയാൻ നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊല്ലണമെന്നും അതിന് സർക്കാർ തയാറാകണമെന്നും കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. ആന, കാട്ടുപോത്ത്, പന്നി, പാമ്പ്, മയിൽ, കുരങ്ങ് തുടങ്ങിയവ ജനങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും കർഷകരുടെ കൃഷിയിടങ്ങൾ നശിപ്പിച്ച് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നതിനേക്കാൾ ഭീതിജനകമാണ് വന്യ മൃഗങ്ങളുടെ ഈ ക്രൂരത കണ്ടു വിദ്യാർഥികൾ ഭയക്കുന്നത്. ഭയം കാരണം കുട്ടികളുടെ മാനസീകാവസ്ഥയക്ക് പോലും മാറ്റും വരുന്നുണ്ട്. കുട്ടികൾക്ക് സമാധാനമായി പഠിക്കാനോ ഉറങ്ങാനോ പോലും കഴിയുന്നില്ല.
ഇത് അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുകയാണ്. ഈ അവസ്ഥയ്ക്ക് കാരണം സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടാണെന്ന് അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തിയ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രഫ.അശോഖ് ഹെഗ്ഡെ, എം. ഒ ചന്ദ്രശേഖരൻ, പി.ഒ. ചന്ദ്രമോഹനൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.ജെ. തോമസ്, എം.വി.ശിവദാസൻ, അഗസ്റ്റിൻ വേങ്ങകുന്നേൽ, ജോയ് വേളുപ്പുഴ, ജോർജ് നെടുമാട്ടുംകര സണ്ണി കുന്നത്തേട്ട് എന്നിവർ പ്രസംഗിച്ചു.