ഇരട്ടിപ്പിക്കാൻ പണം നല്‍കും; ഒടുവിൽ ഇരുട്ടടി
1338442
Tuesday, September 26, 2023 1:23 AM IST
ബ്ലേഡ് മാഫിയ പണംകൊടുത്ത ശേഷമാണ് പിന്നീട് അവരെ ഊറ്റിപ്പിഴിയുന്നതെങ്കില് ഒരു നയാപൈസപോലും മുടക്കാതെ ആളുകള്ക്കുള്ളതെല്ലാം ഊറ്റിയെടുക്കുന്ന ഹൈടെക് വിദ്യയാണ് പയ്യന്നൂരില്‍ അരങ്ങേറുന്നത്. ഒരു സംഭവത്തിന്റെ വാര്ത്തകളാറുംമുമ്പേ പുതിയ തട്ടിപ്പുകളില്‍ കുരുങ്ങുന്ന കാഴ്ചയാണിവിടെ. എവിടെനിന്നാണ് ഇത്രയും ലാഭവിവിഹിതം തരുന്നതെന്നുപോലും ചിന്തിക്കാതെയുള്ള ആര്‍ത്തിയാണ് പലരേയും കെണിയില്‍ വീഴ്ത്തിയത്.
ഈ വര്‍ഷമാദ്യം ബേഡകം പോലീസ് അറസ്റ്റ് ചെയ്ത ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് (ജിബിജി) ഉടമ കുണ്ടംകുഴി സ്വദേശിയുടെ തട്ടിപ്പിനിരയായ നിരവധി പേരാണ് പയ്യന്നൂര്‍, കരിവെള്ളൂര്‍, ഓണക്കുന്ന് പ്രദേശങ്ങളിലുള്ളത്. ഇവരില്‍നിന്നും കോടികളാണ് ഇയാളുടെ സ്ഥാപനത്തിലേക്ക് ഒഴുകിയത്.
മണിചെയിന്‍ മാതൃകയില്‍ പത്തുമാസംകൊണ്ട് പണമിരട്ടിക്കുമെന്ന വാഗ്ദാനം നല്കി നിക്ഷേപങ്ങള്‍ സ്വീകരിച്ചായിരുന്നു പയ്യന്നൂരിലും പരിസരങ്ങളിലും തട്ടിപ്പ് നടത്തിയത്. 40 ലക്ഷംവരെ നിക്ഷേപമായി മുടക്കിയവരുണ്ട്. ഈ ബിസിനസിന്റെ മറവില്‍ കള്ളപ്പണമിറക്കി വരുമാന സ്രോതസ് കാണിക്കാന്‍ പറ്റാത്തതിനാല്‍ മിണ്ടാതിരിക്കുന്നവരുമേറെയാണ്.
പരാതികളുയരാന്‍ തുടങ്ങിയതോടെ ആകര്‍ഷകമായ കമ്മീഷന് വ്യവസ്ഥയില്‍ പണം സ്വീകരിച്ച ഏജന്റുമാര്‍ മാളത്തിലൊളിച്ചു. അതിനിടയിലാണ് സ്ഥാപനയുടമയും ഡയറക്ടറും അറസ്റ്റിലായ വാര്‍ത്തയെത്തിയത്. ഇതേത്തുടര്‍ന്നാണ് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ പലരും പോലീസിനെ സമീപിച്ചത്.നിയമം നിയമത്തിന്റെ വഴിയേ പോകുമ്പോള്‍ തങ്ങളുടെ നിക്ഷേപം എന്നു തിരിച്ചുകെട്ടുമെന്നറിയാതെ വിഷമിക്കുകയാണ് പണം നിക്ഷേപിച്ചവര്‍.
കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ചിട്ടിക്കമ്പനി പയ്യന്നൂരും പരിസരങ്ങളിലും നിന്ന് തട്ടിയെടുത്തത് 21 കോടിയോളം രൂപയാണ്. കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യം വന്നവര്‍ പോലീസില്‍ പരാതിപ്പെടാനൊരുങ്ങിയപ്പോള് അനുരഞ്ജനമെന്ന പേരില്‍ നിക്ഷേപകരെ വിളിച്ചുകൂട്ടി മലേഷ്യ കേന്ദ്രമാക്കിയുള്ള മണിചെയിന്‍ മാതൃകയിലുള്ള പുതിയ തട്ടിപ്പിന് കളമൊരുക്കാനും അണിയറ പ്രവര്‍ത്തകരുമുണ്ടായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ് ചിറവക്ക് കേന്ദ്രീകരിച്ച് സിഗ്മാടെക് ചിറ്റ് ഫണ്ട്സ് എന്ന സ്ഥാപനം നടത്തി കോടികളുമായി മുങ്ങിയ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയുടെ നേതൃത്വത്തിലാണ് പയ്യന്നൂരും പരിസരങ്ങളിലുമുള്ള നിരവധിപേരെ നിക്ഷേപകരാക്കി പണം തട്ടിയെടുത്തത്. തളിപ്പറമ്പിലെ കേസില്‍ ജയിലില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പുറത്തിറങ്ങിയ ശേഷം മലേഷ്യ,തായ്വാന് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ചിട്ടിക്കമ്പനിയുടെ മുന്‍കാല നടത്തിപ്പുകാരുമായി ചേര്‍ന്ന് പുതിയ നിക്ഷേപത്തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു.
ഇതിന് ശേഷമാണ് രാമന്തളി പുന്നക്കടവില്‍ സിഗ്സ് ചിറ്റ്സ് എന്ന പേരില്‍ പുതിയ സ്ഥാപനം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. നാട്ടുകാരായ വനിതകളെ സംഘടിപ്പിച്ച് ക്ലാസുകള്‍ നല്കി എജന്റുമാരാക്കിയതോടെയാണ് നിക്ഷേപകരുടെ ഒഴുക്കുണ്ടായത്. എട്ടിക്കുളത്തെ ഒരേജന്റ്
30,70,000രൂപയാണ് സ്ഥാപനത്തിലേക്ക് പിരിച്ചു കൊടുത്തത്. പരാതിയുയരാന്‍ തുടങ്ങിയപ്പോള്‍ സമീപത്തെ ഒരു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നിക്ഷേപകരുടെ യോഗം വച്ചു. മാത്രമല്ല ഒരുമാസത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കുമെന്ന് കമ്പനിക്ക് വേണ്ടി സംസാരിക്കാനെത്തിയ ഒരഭിഭാഷകന് ഉറപ്പും നലകി.
നിക്ഷേപകരുടെ പണമുപയോഗിച്ച് വാങ്ങിയിട്ടിരിക്കുന്ന സ്ഥലങ്ങള്‍ വിറ്റ് നിക്ഷേപകരുടെ കടം തീര്‍ക്കാമെന്നാണ് അന്നിവര്‍ പറഞ്ഞത്. എന്നാല്‍ തളിപ്പറമ്പ്, കോട്ടയം, ചെമ്പന്തൊട്ടി, ആര്‍പ്പൂക്കര, നെടിയേങ്ങ എന്നിവിടങ്ങളിലായി വാങ്ങിയതായി പറയുന്ന 13 സ്ഥലങ്ങള്‍ ബാങ്കുകളില്‍ ഈട് വച്ച് കോടികള്‍ വായ്പയെടുത്തതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അഞ്ചു വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപം കാലാവധിക്ക് ശേഷം ഇരട്ടിയായി തിരിച്ച് നല്‍കുമെന്ന വ്യവസ്ഥയിലാണ് പതിനായിരം മുതല്‍ പന്ത്രണ്ടു ലക്ഷം രൂപ വരെ പലരും ചിട്ടിക്കമ്പനിയിലടച്ചത്.
കാലാവധിയായവര്‍ ബോണ്ടുമായി ചിട്ടിക്കമ്പനിയെ സമീപിച്ചപ്പോള്‍ ബോണ്ടുകള്‍ കമ്പനി വാങ്ങിവെക്കുകയായിരുന്നുവെന്നും അതിനുംമുമ്പേ ചിട്ടിക്കമ്പനി പൊട്ടിയിട്ടും അക്കാര്യം മറച്ച് വെച്ചാണ് ഇവര്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചതെന്നുമാണ് പിന്നീട് മനസിലായത്.
(അവസാനിച്ചു)