ഇരുളടഞ്ഞ് ശ്രീകണ്ഠപുരം നഗരം !
1338110
Monday, September 25, 2023 12:56 AM IST
ശ്രീകണ്ഠപുരം: നഗരത്തിന്റെ വിവിധ മേഖലകളിലുള്ള ഹൈമാസ്റ്റ് ലൈറ്റുകളും മിനി ഹൈമാസ്റ്റ് ലൈറ്റുകളും വാർഡുകളിലെ വഴിവിളക്കുകളുമെല്ലാം പ്രവർത്തനരഹിതമായിട്ട് ആഴ്ചകൾ പിന്നിട്ടു. നഗരസഭയ്ക്കു മുന്പിലെയും സിഗ്നൽ ജംഗ്ഷനു സമീപത്തെയും ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയാണു തകരാറിലായി കിടക്കുന്നത്.
ശ്രീകണ്ഠപുരം നഗരത്തിൽ കഴിഞ്ഞ കുറെ മാസങ്ങളായി ഇരുട്ടാണ്. കടകളിലെ വെളിച്ചവും വാഹനങ്ങളുടെ വെളിച്ചവുമാണു നാട്ടുകാർക്ക് ആശ്രയം. ഒട്ടുമിക്ക വാർഡുകളിലെയും വഴിവിളക്കുകളും പണിമുടക്കിലാണ്. പല മേഖലകളിലും എംപി, എംഎൽഎ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും ഇതേ അവസ്ഥയിലാണ്.
ഗുണനിലവാരം കുറഞ്ഞ ലൈറ്റുകൾ സ്ഥാപിച്ചതിനാലാണ് പലയിടത്തും അവ വേഗത്തിൽ തകരാറിലാകുന്നതെന്ന ആക്ഷേപമുണ്ട്. ലൈറ്റുകൾ സ്ഥാപിക്കാൻ കരാർ എടുക്കുന്ന കമ്പനികൾ അറ്റകുറ്റപ്പണികൾ നടത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.
വഴിവിളക്കുകളുമെല്ലാം പ്രവർത്തനരഹിതമായിട്ട് ആഴ്ചകൾ കഴിഞ്ഞുവെന്നും ഇനി പ്രതിഷേധം തന്നെയാണു പ്രതിവിധിയെന്നും കർഷകമോർച്ച ജില്ലാകമ്മിറ്റിയംഗം ശശി പറഞ്ഞു.