ഒരുവട്ടം കൈവച്ചാല്‍...
1337227
Thursday, September 21, 2023 7:17 AM IST
രണ്ടോ മൂന്നോ മാസത്തിനകം അടച്ചുതീര്‍ക്കാമെന്നു കരുതി തത്കാലത്തെ ആവശ്യം തീര്‍ക്കാന്‍ പലിശക്കാരില്‍ നിന്ന് വായ്പയെടുക്കുന്നവരാണ് മിക്കപ്പോഴും പിന്നീട് കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയിലെത്തുന്നത്. മലയോരത്തെ പരോപകാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഒരു ഉദ്യോഗസ്ഥന് സംഭവിച്ചതും അതാണ്.
വീടുപണി പൂര്‍ത്തിയാക്കുന്നതിനായി ഒരു സുഹൃത്തിനോട് മൂന്നുലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് യഥാസമയം തിരികെ നല്കാന് കഴിയാതെ വന്നപ്പോള്‍ സുഹൃത്ത് തന്നെ പലിശക്ക് പണം നല്കുന്ന ഒരു റിട്ട. ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തി. അയാളില്‍നിന്ന് മൂന്നുലക്ഷം രൂപ വാങ്ങി തത്കാലം സുഹൃത്തിന്റെ കടം വീട്ടി. ഇതോടെ പലിശ ഇനത്തില്‍ മാസം 15,000 രൂപയുടെ അധിക ബാധ്യതയായി.
എങ്കിലും മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്കും മറ്റ് അത്യാവശ്യ ചെലവുകള്‍ക്കും വീടിനു വേണ്ടിയെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവിനുമായി പലിശക്കാരനില്‍ നിന്നും മൂന്നുലക്ഷം രൂപ കൂടി കടം വാങ്ങി. ഇതോടെ ഓരോ മാസവും നല്‍കേണ്ട പലിശ 30,000 രൂപയായി.
ദൈനംദിന ജീവിതച്ചെലവുകള്‍ക്കിടയില്‍ സ്വാഭാവികമായും അത് മുടങ്ങാനും തുടങ്ങി. ഒടുവില്‍ വിരമിക്കുമ്പോള്‍ കിട്ടുന്ന പണംകൊണ്ട് എല്ലാ ബാധ്യതയും തീര്‍ക്കാമെന്ന കണക്കുകൂട്ടലും തെറ്റി.
ഓരോ മാസവും മുടങ്ങുന്ന പലിശ മുതലിനോടൊപ്പം ചേര്‍ത്ത് അപ്പോഴേക്കും കടബാധ്യത എത്രയോ ലക്ഷങ്ങളായിക്കഴിഞ്ഞിരുന്നു. ഒടുവില്‍ ഇത്രയുംകാലം ജോലിചെയ്തതിന്റെ സമ്പാദ്യമായി ഉണ്ടായിരുന്ന വീടും പറമ്പും പലിശക്കാരന് എഴുതി നല്കി മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടിവന്നു.
ചെന്നുപെടാവുന്ന കടക്കെണിയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിട്ടും അത്യാവശ്യഘട്ടങ്ങള്‍ വന്നാല്‍ പലിശക്കാരില്‍ നിന്നുതന്നെ പണം കടമെടുക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ കര്‍ഷകരെയും സാധാരണക്കാരെയും സഹായിക്കാന്‍ ബാങ്കുകള്‍ക്കും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല എന്നതുതന്നെയാണ് അതിനുള്ള ഉത്തരം.
ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത ഏതെങ്കിലുമൊരാള്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ആ ആളിനൊപ്പം ജാമ്യം നിന്ന ആളുകളുടെയും സിബില്‍ നിരക്ക് വായ്പകള്‍ ലഭിക്കാനാവശ്യമായ ഏഴില്‍ നിന്ന് താഴെയാകും.
ഇതോടെ കാര്‍ഷിക വായ്പകള്‍ പോലും 12 ശതമാനത്തിനു മുകളില്‍ പലിശ നല്കി പുതുക്കേണ്ടിവരും. വീഴ്ച വന്ന വായ്പ അടച്ചു തീര്‍ത്താലും സിബിലില്‍ മാറ്റം വരാന്‍ മാസങ്ങള്‍ കാല താമസമെടുക്കും. ഇതോടെ അത്യാവശ്യ ഘട്ടങ്ങളില്‍ പലിശക്കാരെ ആശ്രയിക്കുകയല്ലാതെ മറ്റു വഴിയില്ലാതാകും.
(തുടരും)