കേരളത്തോട് കേന്ദ്രം കാണിക്കുന്നത് ശത്രുരാജ്യത്തോടുള്ള സമീപനം: കേരള കോൺഗ്രസ്-എം
1300980
Thursday, June 8, 2023 12:45 AM IST
കണ്ണൂർ: കേരളത്തിന് അര്‍ഹമായി ലഭിക്കേണ്ട ധനസഹായം വീണ്ടും വെട്ടിക്കുറച്ചും വായ്പയെടു ക്കുന്നതിനുള്ള പരിധി പരിമിതപ്പെടുത്തിയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കം ശത്രുരാജ്യത്തോടുള്ള സമീപനം പോലെയാണെന്ന് കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി.
വികസന പദ്ധതികളുടെ കാര്യത്തിൽ കേരളത്തെ അവഗണിക്കുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് കണ്ണൂർ വിമാനത്താവളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന.
കണ്ണൂരിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന പ്രതീക്ഷയുമായി ആരംഭിച്ച വിമാനത്താവളം നാലു വർഷം പിന്നിട്ടിട്ടും പിന്നാക്കാവസ്ഥ തുടരുകയാണ്.
വിദേശത്തും ഇന്ത്യയുടെ പലഭാഗങ്ങളിലുമായി ജോലിചെയ്യുന്നവർക്കും, പഠനം നടത്തുന്നവർക്കും ഉപകാരപ്രദമായി കൂടുതൽ രാജ്യാന്തര സർവീസുകൾ കണ്ണൂരിൽ നിന്ന് ആരംഭിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ മുഖം തിരിക്കുന്നത് പ്രതിഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, കെ.ടി. സുരേഷ് കുമാർ, തോമസ് മാലത്ത്, ബിനു മണ്ഡപം, സി.ജെ. ജോൺ, സി.എം. ജോർജ്, മാത്യു പുളിക്കക്കുന്നേൽ, ഏലമ്മ ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.