പയ്യാവൂർ: പയ്യാവൂർ പഞ്ചായത്തിലെ ആടാംപാറ, കാഞ്ഞിരക്കൊല്ലി, ചന്ദനക്കാംപാറ പ്രദേശങ്ങളിലെ കാട്ടാന ശല്യം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു പയ്യാവൂർ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികൾ കണ്ണൂർ ഡിഎഫ്ഒയ്ക്ക് പരാതി നൽകി. പയ്യാവൂരിലെ മലയോര പ്രദേശങ്ങളിൽ രൂക്ഷമായ കാട്ടാന ആക്രമണം ഉണ്ട്. വനാതിർത്തിയിൽ ത്രിതല പഞ്ചായത്തുകൾ സംയുക്തമായി സൗരോർജ തൂക്കുവേലി സ്ഥാപിച്ചിരുന്നെങ്കിലും ആനകളെ കാട്ടിലേക്ക് തിരിച്ചു കയറ്റാതെ ചാർജ് ചെയ്തതോടെ ആനശല്യം ഈ മേഖലയിൽ വർധിക്കുകയാണ് ചെയ്തത്.ആനകളെ കാട്ടിലേക്ക് കയറ്റാതെ വേലി ചാർജ് ചെയ്തു തിരക്കിട്ട് ഉദ്ഘാടനം നടത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും അടിയന്തിരമായി ആനകളെ തിരിച്ചു കയറ്റാനുള്ള നടപടികൾ സ്വീകരിക്കണം എന്നുമാണ് പരാതിയിലെ ആവശ്യം. പ്രസ്തുത ആവശ്യം ഉന്നയിച്ചു തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുമായും അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. അടിയന്തിര നടപടി സ്വീകരിക്കുമെന്ന് റേഞ്ച് ഓഫീസർ ഉറപ്പ് നൽകിയതായി പഞ്ചായത്തംഗങ്ങൾ പറഞ്ഞു. അംഗങ്ങളായ ആനീസ് ജോസഫ്, ടെൻസൺ ജോർജ്, ടി.പി. അഷ്റഫ്, ജിത്തു തോമസ്, സിജി ഒഴാങ്കൽ, സിന്ധു ബെന്നി എന്നിവരാണ് പരാതി നൽകിയത്.